photo

പാലോട്: കൊവിഡ് ലോക്കിനിടെ എല്ലാ മേഖലകളിലും ഇളവുകൾ വന്നെങ്കിലും സ്റ്റേജ് കലാകാരന്മാർക്ക് തങ്ങളുടെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. രണ്ടു വർഷങ്ങൾക്കു മുൻപ് പ്രളയത്തോടെ ആരംഭിച്ച ദുരിത ജീവിതം ഈ കൊവിഡ് കാലത്തും ശനിദശയായി തുടരുകയാണ്. സ്കൂളുകളും, വ്യാവസായിക സ്ഥാപനങ്ങളും, സിനിമാ തിയേറ്ററുകളും നിബന്ധനകളോടെ തുറന്നുകൊടുക്കാൻ തീരുമാനമായെങ്കിലും കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് യാതൊരു ഇളവുകളും നൽകിയിട്ടില്ല. ഡിസംബറിൽ ആരംഭിച്ച് മേയിൽ അവസാനിക്കുന്നതാണ് ഓരോ കലാകാരന്മാരുടെയും വരുമാന കാലം. ഇനിയെങ്കിലും നിയന്ത്രണങ്ങളോടെയെങ്കിലും കലാരൂപങ്ങൾ നടത്താൻ അനുമതി നൽകിയാൽ തങ്ങളുടെ കലാരൂപങ്ങളെ വേദിയിൽ എത്തിക്കാൻ കഴിയും. ഒപ്പം ഇവരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷകൾ നൽകാനും കഴിയും. നാടകം ജീവനുതുല്യം കണ്ട് അരങ്ങിൽ മാറ്റേകിയ കലാപ്രതിഭകൾ ഇന്ന് ഉപജീവനമാർഗ്ഗം കണ്ടെത്താനായി കൂലിപ്പണിക്കും മറ്റും പോവുകയാണ്. ഒരു സീസണിൽ നാടകം കളിച്ചുകിട്ടുന്ന വരുമാനമാണ് ഒരുവർഷത്തെ ഇവരുടെ ഉപജീവനമാർഗ്ഗം. ഇതിൽനിന്നും കൂടാതെ വിദ്യാഭ്യാസം വിവാഹം, ചികിത്സ എന്നിവയ്ക്കും ഈ സീസണിൽ നിന്നും ഇവർ കണ്ടെത്തിയിരുന്നു. എന്നാൽ പ്രളയം മുതൽ ഇങ്ങോട്ട് ഈ മേഖല ആകെ പ്രതിസന്ധിയിലാണ് തുടരുന്നത്.

പ്രതീക്ഷയോടെ കലാകാരന്മാർ

ഓരോ സമിതിയും തങ്ങളുടെ കലാരൂപങ്ങൾ വേദിയിൽ എത്തിക്കണമെങ്കിൽ 10 ലക്ഷം രൂപയോളം ചെലവ് വരും. ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം കലാസമിതികളുടെ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ് സ്റ്റേജ് സംവിധാനങ്ങളും ഉൾപ്പെടെ എല്ലാം ഉപയോഗിക്കാതെ കിടന്ന് നശിക്കുകയാണ്. ഓരോ സമിതി അംഗങ്ങളും പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയും ബാങ്ക് വായ്പ തരപ്പെടുത്തിയും പരിശീലനം ആരംഭിക്കുന്നതിനിടെയാണ് കൊവിഡ് രോഗം നിയന്ത്രണാതീതമായത്. പ്രോഗ്രാം ഏജന്റുമാർ മുതൽ മറ്റ് സെറ്റ് വർക്കർമാർ വരെ ഇനിയുള്ള പ്രതീക്ഷ സർക്കാരിലാണ്. കൊവിഡ് ഇളവ് സ്റ്റേജ് കലാകാരന്മാർക്കു കൂടി നൽകിയാൽ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ നിന്നും കരകയറും.


** ക്ഷേമനിധിയിൽ അംഗമായ കലാകാരൻമാർക്ക് 1000 രൂപ സഹായധനം ലഭിച്ചു. ഭൂരിപക്ഷം പേർക്കും യാതൊരു സഹായവും ലഭിച്ചിട്ടും ഇല്ല. ഡിസംബറിൽ ക്രിസ്മസ്, ന്യൂ ഇയർ പ്രോഗ്രാമുകളും അതു കഴിഞ്ഞാൽ ക്ഷേത്ര ഉത്സവകാലവുമെത്തും. സർക്കാർ കനിഞ്ഞാൽ എല്ലാം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കലാകാരൻമാരും കുടുംബവും.

** ഒരു വേദിയിൽ നിന്നും ലഭിക്കുന്നത്........ 1000 - 3500 രൂപ വരെ

******പ്രതികരണം: കലാരംഗത്ത് പ്രവർത്തിക്കുന്നവർ വൻ പ്രതിസന്ധിയിലാണ്. ലക്ഷങ്ങളുടെ കടബാദ്ധ്യതയാണ് ഓരോ സമിതികൾക്കും. പലരും ആത്മഹത്യ ചെയ്തു. ഇനിയെങ്കിലും സർക്കാർ കനിയണം. സർക്കാർ കണ്ണുതുറക്കാനായി ഈ മാസം 20, 21 തിയതികളിൽ സെക്രട്ടറിയേറ്റിനു മുന്നിൽ കലാകാരൻമാർ രാപ്പകൽസമരം നടത്തുകയാണ്.

അജിത് പെരിങ്ങമ്മല, സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള നൃത്തനാടക അസോസിയേഷൻ.