തിരുവനന്തപുരം: നാല്പത്തിയഞ്ചാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡിന് ബെന്യാമിന്റെ 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവൽ അർഹമായി.സാമ്പ്രദായിക രീതിയിൽ നിന്ന് വ്യത്യസ്‌തമാണ് ബെന്യാമിന്റെ രചനാശൈലിയെന്ന് ജൂറി വിലയിരുത്തി. വ്യത്യസ്‌ത കഥാപാത്രങ്ങളെ വായനക്കാരോട് ചേർത്തുനിർത്തുന്നതിൽ എഴുത്തുകാരൻ വിജയിച്ചു. മദ്ധ്യതിരുവിതാംകൂറിലെ പ്രാദേശിക ഭൂമികയിലുണ്ടായ മാറ്റങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയ നോവലിൽ മതവും രാഷ്‌ട്രീയവും തമ്മിലുളള അന്തർധാരയും ഏറ്റുമുട്ടലും വ്യക്തമായി രേഖപ്പെടുത്തിയെന്നും ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
കെ.ആർ മീര,ഡോ.ജോർജ് ഓണക്കൂർ, ഡോ.സി.ഉണ്ണികൃഷ്‌ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും പ്രശസ്‌തിപത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്‌ടോബർ 27ന് വൈകുന്നേരം 5.30ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും.
ചെന്നൈ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നു മലയാളം ഐച്ഛിക വിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പത്താം ക്ലാസ് പാസായ മേഘ്‌നാ നായർക്ക് വയലാർ രാമവർമ്മയുടെ പേരിലുളള സ്‌കോളർഷിപ്പും ചടങ്ങിൽ നൽകും.
ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, വൈസ് പ്രസിഡന്റ് പ്രൊഫ.ജി.ബാലചന്ദ്രൻ, സെക്രട്ടറി സി.വി.ത്രിവിക്രമൻ, ട്രസ്റ്റ് അംഗങ്ങളായ കെ.ജയകുമാർ, പ്രഭാവർമ്മ, ജൂറിഅംഗങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.