കോടി രാമകൃഷ്ണയുടെ മകൾ കോടി ദിവ്യ നിർമ്മാതാവാകുന്നു
ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും പ്രശസ്തനായ കാർത്തിക് ശങ്കർ സിനിമാ സംവിധായകനാകുന്നു. തെലുങ്കിലാണ് കാർത്തിക് ശങ്കർ തന്റെ ആദ്യ ചിത്രമൊരുക്കുന്നത്. നൂറ്റിനാല്പതിലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള യശഃശരീരനായ തെലുങ്ക് സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ കോടി ദിവ്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇതാദ്യമായാണ് ഒരു മലയാളി സംവിധായകൻ തന്റെ ആദ്യ ചിത്രം തെലുങ്കിൽ ഒരുക്കുന്നത്.
യുവതാരം കിരണും കന്നഡ താരം സഞ്ജന ആനന്ദും ജോടികളാകുന്ന ഈ ചിത്രത്തിന്റെ പൂജ ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് നടന്നു. നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ മണിശർമ്മയാണ്.
ആദ്യ ചിത്രം മലയാളത്തിൽ ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നുവെന്നും അപ്പോഴാണ് തെലുങ്കിൽ നിന്നും ഓഫർ വന്നതെന്നും കാർത്തിക് ശങ്കർ പറഞ്ഞു.അല്ലു അരവിന്ദായിരുന്നു പൂജാചടങ്ങിലെ മുഖ്യാതിഥി. കെ. രാഘവേന്ദ്രറാവു ആദ്യ ഷോട്ടിന് സംവിധാനം നിർവഹിച്ചു. എ.എം. രത്നമാണ് ആദ്യ ക്ളാപ്പ് നൽകിയത്. പി.ആർ.ഒ ആതിര ദിൽജിത്.