air-india

പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റുതുലയ്ക്കുന്നു എന്ന സ്ഥിരം പല്ലവി എയർ ഇന്ത്യയെ ടാറ്റാ കമ്പനിക്കു വിറ്റപ്പോൾ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ത്രാണിയുള്ളവർ ആരെങ്കിലും വന്ന് വാങ്ങിക്കൊണ്ടുപോകൂ എന്ന വിലാപവുമായി കഴിഞ്ഞ എത്രയോ വർഷങ്ങളായി വില്പനയ്ക്കുവച്ചിരുന്ന ഏക ദേശീയവിമാന കമ്പനിയായ എയർ ഇന്ത്യയെ കൂടെക്കൂട്ടാൻ അതിന്റെ സ്ഥാപകരായ ടാറ്റാ ഗ്രൂപ്പ് തന്നെ അവസാനം എത്തിയെന്നത് വിധിനിയോഗമാകാം. ദിവസേന ഇരുപതുകോടി രൂപ എന്ന കണക്കിൽ നഷ്ടം വരുത്തിക്കൊണ്ടിരുന്ന എയർഇന്ത്യ എല്ലാ അർത്ഥത്തിലും കേന്ദ്ര സർക്കാരിനു വലിയ ഭാരമായിത്തീർന്നിരുന്നു. വിമാന കമ്പനിയടക്കമുള്ള ബിസിനസ് സംരംഭങ്ങൾ സർക്കാരിനു കീഴിലാകരുതെന്നാണ് പുതിയ സങ്കല്പം. സർക്കാർ കമ്പനിയാകുമ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന ധൂർത്തും പാഴ്‌ച്ചെലവും കെടുകാര്യസ്ഥതയും ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ അധോഗതിക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഒരു കാര്യത്തിലും അക്കൗണ്ടബിലിറ്റിയില്ലാതെ മുന്നോട്ടുപോയ കമ്പനി സ്വാഭാവികമായ പതനത്തിലെത്തുകയായിരുന്നു. ഒരുകാലത്ത് രാജ്യത്ത് ആകാശക്കുത്തകയുണ്ടായിരുന്ന എയർ ഇന്ത്യ നടത്തിപ്പുദോഷം കൊണ്ടാണ് ചിറകറ്റുവീണത്. 61000-ൽപ്പരം കോടി രൂപയുടെ കടത്തിൽ കഴുത്തറ്റവും മുങ്ങിക്കഴിഞ്ഞപ്പോഴാണ് അതു വിറ്റ് സ്വതന്ത്രമാകാൻ കേന്ദ്രം തീരുമാനമെടുത്തത്. പൂർണമായും മുടിഞ്ഞുനിൽക്കുന്ന കമ്പനി ഏറ്റുവാങ്ങാൻ ആരുംതന്നെ മുന്നോട്ടുവരാതായപ്പോഴാണ് വില്പന വ്യവസ്ഥകളിൽ ഗണ്യമായ ഇളവുകൾ വരുത്തിയതും ടാറ്റായുടെ ഉടമസ്ഥതയിൽത്തന്നെയുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് 18000 കോടി രൂപ വിലയ്ക്ക് വാങ്ങിയതും.

ഉപ്പുതൊട്ട് വിമാനങ്ങൾ വരെ നിർമ്മിക്കുന്ന ടാറ്റാ ഗ്രൂപ്പിന്റെ പക്കൽ എയർ ഇന്ത്യ വീണ്ടും എത്തുമ്പോൾ നഷ്ടപ്പെട്ട പഴയ പ്രതാപം വീണ്ടെടുക്കാൻ അവർക്ക് അധികം വിഷമിക്കേണ്ടിവരില്ല. അനന്തമായ അവസരങ്ങളാണ് അവരെ കാത്തിരിക്കുന്നത്. വിമാനയാത്രക്കാരുടെ വർദ്ധിച്ച ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞാൽ കമ്പനി പുരോഗതി പ്രാപിക്കുമെന്നതിൽ സംശയമില്ല. രാജ്യത്ത് ആദ്യമായി ടാറ്റാ ഗ്രൂപ്പിന്റെ വിമാനക്കമ്പനി നിലവിൽ വന്നപ്പോൾ സംശയത്തോടെയാണ് പലരും അതു കണ്ടുനിന്നത്. എന്നാൽ രണ്ടുവർഷത്തെ പ്രവർത്തനം കൊണ്ടുതന്നെ ലാഭമുണ്ടാക്കാൻ കമ്പനിക്കു കഴിഞ്ഞു.

രാജ്യത്തും വിദേശ രാജ്യങ്ങളിലുമായി സുഗമമായ വിമാന സർവീസുകൾ നടത്താനാവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള എയർ ഇന്ത്യയ്ക്ക് ലാഭകരമായി സർവീസുകൾ നടത്തി വളർച്ച നേടാൻ അധികം വിഷമിക്കേണ്ടിവരില്ല. ടാറ്റാഗ്രൂപ്പിന്റെ അനുഭവസമ്പത്തും ബിസിനസ് വൈദഗ്ദ്ധ്യവും അതിനിണങ്ങുമെന്നതിലും തർക്കമില്ല.

സർക്കാരിന് എത്ര വലിയ ബാദ്ധ്യത വരുത്തിവച്ചാലും പൊതുമേഖലാ സ്ഥാപനങ്ങളെ അതേപടി നിലനിറുത്തണമെന്ന കടുംപിടിത്തത്തിൽ അർത്ഥമില്ലെന്നു വ്യക്തമാക്കുന്നതു കൂടിയാണ് എയർ ഇന്ത്യയുടെ വില്പന. എയർ ഇന്ത്യയുടെ പന്ത്രണ്ടായിരം ജീവനക്കാരെ ആദ്യവർഷം പിരിച്ചുവിടില്ലെന്നാണ് ഉറപ്പ്. അതിനുശേഷം സർവ ആനുകൂല്യങ്ങളോടെയും സ്വയം പിരിഞ്ഞുപോകാം. വിരമിച്ച ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ കേന്ദ്രം തുടർന്നും നൽകാനും വ്യവസ്ഥയുണ്ട്.

കേരളത്തിലെ പ്രവാസികൾക്ക് വളരെയധികം കയ്‌പുനീർ സമ്മാനിച്ചിട്ടുള്ള വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. ഭീമമായ ചൂഷണം ഏറ്റവുമധികം അനുഭവിച്ചിട്ടുള്ളവരാണവർ. എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും ആകാശം കൈയടക്കിയിരുന്ന എയർ ഇന്ത്യ മാത്രമായിരുന്നു മലയാളി പ്രവാസികളുടെ യാത്രാമാർഗം. ഈ കുത്തക എയർ ഇന്ത്യ ശരിക്കും മുതലാക്കുകയും ചെയ്തു. ഓർക്കാൻ മടിക്കുന്ന പഴയ അനുഭവങ്ങളുടെ സ്ഥാനത്ത് പുതിയൊരു യാത്രാചക്രവാളം ഉദിച്ചുയരുമോ എന്നാകും മലയാളി യാത്രക്കാർ ഉറ്റുനോക്കുന്നത്.