തിരുവനന്തപുരം: തൊഴിൽ അന്വേഷകർക്കും ദാതാക്കൾക്കും ആഗോളതൊഴിൽ സാഹചര്യത്തെക്കുറിച്ചറിയാൻ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന ഓവർസീസ് എംപ്ലോയോസ് കോൺഫൻസ് ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ ഓൺലൈനായി നടക്കും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് പ്രധാനവേദി. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജനും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചീഫ്‌സെക്രട്ടറി വി.പി. ജോയ് അദ്ധ്യക്ഷത വഹിക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ മുഖ്യപ്രഭാഷണം നടത്തും. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ അംബാസഡർമാർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
വൈകിട്ട് 5.15ന് നടക്കുന്ന സമാപന ചടങ്ങിൽ സ്‌പീക്കർ എം.ബി. രാജേഷ് മുഖ്യാതിഥിയാകും. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) പങ്കാളിത്തത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുക്കാൻ https://registrations.ficci.com/ficoec/online-registrationi.asp എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0484 4058041/ 42, 09847198809. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കോളശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.