benyamin
മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ

തിരുവനന്തപുരം: വയലാർ സാഹിത്യ പുരസ്‌കാരത്തിന്റെ വാർത്തയെത്തുമ്പോൾ ബെന്യാമിന്റെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു. പന്തളത്തെ കരിമ്പ് കൃഷിയും കരിമ്പിൻ മില്ലുകളും സമരവും ഇടകലർന്ന ജീവിതമാണ് 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലിലേക്ക് ബെന്യാമിൻ പറിച്ചുനട്ടത്. തന്റെ കുടുംബവും കുടുംബത്തിലെ മനുഷ്യരും ഈ നോവലിലുണ്ടെന്ന് എഴുത്തുകാരൻ പറയുന്നു.

ലോകത്തും രാജ്യത്തും ഉണ്ടായ മാറ്റങ്ങൾ ഒരു ഗ്രാമത്തെ എങ്ങനെ ബാധിച്ചുവെന്നാണ് പറയാൻ ശ്രമിച്ചത്. അടിയന്തരാവസ്ഥ മുതൽ നാട്ടിൽ മൊബൈൽ ഫോൺ വരുന്നത് വരെയുളള 20 വർഷത്തെ കഥയാണിത്. ടി.വി.തോമസും ഗൗരിഅമ്മയും എം.എൻ.ഗോവിന്ദൻ നായരും അടക്കമുളളവർ കഥാപാത്രങ്ങളാകുന്ന നോവലിൽ ക്രിസ്‌ത്യാനികളും കമ്മ്യൂണിസ്റ്റുകളും തമ്മിലുളള അന്തർധാരയും ഏറ്റുമുട്ടലുമെല്ലാം ചിത്രീകരിക്കാനുളള ശ്രമമാണ് നടത്തിയതെന്ന് ബെന്യാമിൻ പറഞ്ഞു.2017ലാണ് പ്രസിദ്ധീകരിച്ചത്. മൂന്നുവർഷത്തെ അദ്ധ്വാനമാണ് നോവൽ.

മോഹൻ ഡാനിയേൽ എന്ന പയ്യന്റെയും അവന്റെ അനിയൻ ചണ്ണിക്കുഞ്ഞിന്റെയും വീക്ഷണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

മതത്തെ വിമർശിക്കുമ്പോഴും കമ്മ്യൂണിസം പരമ ശുദ്ധമാണെന്ന ധാരണ നോവലിൽ ബെന്യാമിൻ തകർക്കുന്നു.

''ഒരു പുസ്‌തകമിറങ്ങിയാൽ ഉടനെയൊന്നും അത് വായിക്കരുത്. 20 വർഷം കഴിഞ്ഞും അതു വായിക്കപ്പെടുന്നുണ്ട് എന്ന് മനസിലായാൽ അപ്പോൾ എടുത്ത് വായിക്കണം. അതു കാലത്തെ അതിജീവിക്കുന്ന പുസ്‌തകമായിരിക്കും.

മഹാനായ റഷ്യൻ നോവലിസ്റ്റ് ബോറിസ് പാസ്റ്റർനാക്കിന്റെ ഡോ.ഷിമാഗോ ആണ് അവസാനമായി വായിച്ച നോവൽ. അദ്ദേഹം മരിച്ചതോടെ വായന നിറുത്തി. അയാളെക്കാൾ മികച്ച എഴുത്തുകാർ ഭൂമിയിൽ ഉണ്ടാവട്ടെ. അപ്പോൾ ഞാൻ വായന തുടങ്ങാം.'’
മാന്തളിരിലെ കൊച്ചച്ചന്റെ ഈ വാക്കുകളിലുണ്ട്, മികച്ച പുസ്‌തകം മനസിലാക്കാനുള്ള രഹസ്യത്തിന്റെ താക്കോൽ. മലയാള ഭാവനയെ കുലുക്കിയുണർത്തിയ കൃതിയായ ആടുജീവതത്തിനൊപ്പം സവിശേഷ സ്ഥാനം മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളും അർഹിക്കുന്നുണ്ടെന്ന് വിമർശകർ വിലയിരുത്തുന്നു.

`ഭാവിയിലെ സാഹിത്യപ്രവർത്തനത്തിന് ലഭിച്ച ഊർജമാണ് ഈ പുരസ്‌കാരം.'

-ബെന്യാമിൻ