തിരുവനന്തപുരം : കൊവിഡ് കാലത്ത് നാട്ടിലെത്തിയ പ്രവാസികളിൽ ഭൂരിഭാഗവും വിദേശത്തേക്ക് മടങ്ങിയതായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് 17 മുതൽ ഈമാസം എട്ടുവരെ 17 ലക്ഷത്തിലേറെ പേരാണ് തിരിച്ചെത്തിയത്. അതേസമയം, ഈ കാലയളവിൽ 31 ലക്ഷത്തിലധികം പേർ സംസ്ഥാനത്തെ വിവിധ എയർപോർട്ടുകളിൽ നിന്ന് വിദേശത്തേക്ക് പോയിട്ടുണ്ടെന്ന കണക്ക് ലഭിച്ചതായി നോർക്ക വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ 3,500 തൊഴിലന്വേഷകർ നോർക്കയുടെ സ്‌കിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തു.
നാട്ടിലെത്തി തിരിച്ചുപോകാൻ കഴിയാത്തവർക്കായി നോർക്കയുടെ സഹായത്തോടെ മൂന്നു പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി രണ്ടു ലക്ഷം വരെ പ്രവാസികൾക്ക് പലിശരഹിത വായ്‌പ നൽകും. കേരള ബാങ്കും മറ്റ് സഹകരണസംഘങ്ങളും വഴി കുറഞ്ഞ പലിശയ്ക്ക് കാലതാമസമില്ലാതെ രണ്ടു മുതൽ അഞ്ചു ലക്ഷം വരെ വായ്‌പ അനുവദിക്കും. കെ.എസ്.ഐ.ഡി.സി വഴി മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെ അഞ്ചു മുതൽ രണ്ടു കോടി വരെ വായ്‌പ നൽകും. എട്ടു ശതമാനം പലിശയിൽ ആദ്യ മൂന്നു വർഷം 3.5 ശതമാനം പലിശ സർക്കാർ നൽകുമെന്നും നോർക്ക അറിയിച്ചു.
അവസരങ്ങളുമായി
ജപ്പാനും ജർമ്മനിയും
ആരോഗ്യരംഗത്ത് വരും നാളുകളിൽ ജപ്പാനും ജർമ്മനിയും വലിയ തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഇളങ്കോവൻ പറഞ്ഞു. നഴ്സുമാർക്കാണ് കൂടുതൽ പരിഗണന. ഇരുരാജ്യങ്ങളിലെയും ഭാഷ പഠിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ആരംഭിക്കും. ജപ്പാൻ അവരുടെ പൗരൻമാർക്ക് നൽകുന്ന എല്ലാ ആനുകൂല്യവും കേരളത്തിൽ നിന്നെത്തുന്നവർക്കും നൽകും. വരുംദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.