ബാഹുബലി സീരീസ് സ്വന്തമാക്കിയ ആഗോള വിജയത്തിലൂടെ പാൻ ഇന്ത്യൻ താരപദവി സ്വന്തമാക്കിയ പ്രഭാസിന് പിന്നാലെയാണ് ഇപ്പോൾ തെലുങ്ക് സിനിമാലോകം.ബാഹുബലി സീരീസിന് ശേഷം സാഹോ എന്ന ഒറ്റചിത്രം മാത്രമാണ് പ്രഭാസിന്റേതായി തിയേറ്ററുകളിലെത്തിയത്. മറ്റ് ചിത്രങ്ങൾ റിലീസാകും മുൻപേ പുതിയ പുതിയ ചിത്രങ്ങൾ പ്രഖ്യാപിക്കുന്ന തിരക്കിലാണ് താരം.രാധേ ശ്യാമാണ് പ്രഭാസിന്റേതായി പ്രദർശനസജ്ജമായിക്കഴിഞ്ഞ ചിത്രം. ഇപ്പോൾ ഒരേസമയം മൂന്ന് ചിത്രങ്ങളുടെ ചിത്രീകരണത്തിരക്കിലാണ് താരം. ഇതിനൊക്കെ പുറമെ പുതിയ ഒരു പ്രഭാസ് ചിത്രം കൂടി അനൗൺസ് ചെയ്യപ്പെട്ടുകഴിഞ്ഞു. മറ്റൊരു ചിത്രത്തിന്റെ അനൗൺസ്മെന്റ് വൈകാതെയുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
താരം പുതിയ പ്രോജക്ടുകൾ ധൃതിപിടിച്ച് അനൗൺസ് ചെയ്യുന്നതെന്തിനാണെന്ന ആകാംക്ഷയിലാണ് ആരാധകരും സിനിമാലോകവും.
പ്രഭാസിന് വലിയൊരു തുകയുടെ ആവശ്യമുണ്ടെന്നും അതിനായാണ് പുതിയ പ്രോജക്ടുകൾ കമ്മിറ്റ് ചെയ്ത് നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങുന്നതെന്നും പറയപ്പെടുന്നു. പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളിൽ പ്രഭാസ് വാങ്ങുന്ന പ്രതിഫലം കൂട്ടിനോക്കിയാൽ 600 കോടി രൂപയ്ക്ക് മേൽ വരുമെന്നാണ് തെലുങ്ക് സിനിമാലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരുന്ന രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിലേ ഈ പ്രോജക്ടുകൾ പൂർത്തിയാക്കാൻ പ്രഭാസിന് കഴിയൂ. ഇന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് പ്രഭാസ്. രാധേ ശ്യാമിലഭിനയിക്കാൻ 100 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. സലാൽ, ആദിപുരുഷ്, പ്രോജക്ട് K എന്നീ പുതിയ ചിത്രങ്ങൾക്കും അതേ പ്രതിഫലം തന്നെയാണ് പ്രഭാസ് വാങ്ങുന്നത്. സന്ദീപ് വംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് പ്രഭാസിന്റെ സിൽവർ ജൂബിലി ചിത്രമായി പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. എട്ട് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.