കോവളം: കനത്ത മഴയിൽ തിരുവല്ലം - കമലേശ്വരം റോഡ് തകർന്ന് നഗരത്തിലേക്കുള്ള ഗതാഗതം താറുമാറായി. പലയിടങ്ങളിലും വെള്ളം കെട്ടിയതോടെ പ്രദേശവാസികൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
ശക്തമായ മഴയിൽ അമ്പലത്തറ, കല്ലാട്ടുമുക്ക്, മാണിക്യവിളാകം തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളിലും വീടുകൾക്കു മുന്നിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഓടകൾ വൃത്തിയാക്കാൻ നഗരസഭ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. അമ്പലത്തറ കമേേലശ്വരം മേഖലയിൽ ഓടയില്ലാത്തതും റോഡിലെ വെള്ളക്കെട്ടിനു കാരണമായി. ഏറ്റവും തിരക്കേറിയ കല്ലാട്ടുമുക്ക് പള്ളി ജംഗ്ഷനിൽ കാൽനടക്കാരുടെയും ഇരുചക്രവാഹനക്കാരുടെയും യാത്ര ദുരിതപൂർണമാണ്.
കല്ലാട്ടുമുക്ക് പള്ളിറോഡ് വഴി കൊഞ്ചിറവിള ആറ്റുകാൽ പോകാൻ എളുപ്പവഴി ആയതുകൊണ്ട് അനേകം വണ്ടികളാണ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ഈ റോഡിലേക്ക് പോകുന്നത്. ഇവിടെ ട്രാഫിക് പൊലീസ് ഇല്ലാത്തതുകാരണം അപകടങ്ങൾ നിത്യസംഭവമാണ്.