photo

നെടുമങ്ങാട്: തിരിച്ചിട്ടപാറ- ദൂരെക്കാഴ്ചയിൽ ഒരൊറ്റയാന്റെ മുതുക്. മറ്റൊരു കോണിൽ നിന്ന് നോക്കിയാൽ മസ്തകവും. മഴക്കാലമായാൽ ഒരു വെള്ളിയരഞ്ഞാണംപോലെ നീരൊഴുക്കും. സമുദ്രനിരപ്പിൽ നിന്ന് 1,500 അടിയിലേറെ ഉയരമുള്ള പാറയുടെ മുകളിൽ എത്തിയാൽ സദാ വീശിയടിക്കുന്ന കുളിരുള്ള കാറ്റേറ്റ് അറബിക്കടലും ഉദയാസ്തമയങ്ങളുടെ വശ്യമനോഹാരിതയും ആസ്വദിക്കാം. കൊടും വേനലിലും വറ്റാത്ത നീരുറവയും പാറയിൽ പ്രകൃതി തീർത്ത അടയാളക്കല്ലുകളും മനസിൽ ഭക്തിയും സൗന്ദര്യവും നിറയ്ക്കും. വെമ്പായം റോഡിന്റെ ഓരത്ത് 50 ഏക്കറിലധികം പ്രദേശത്ത് പരന്നു കിടക്കുകയാണ് തിരിച്ചിട്ടപാറ. പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ നിശ്ചയിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തിയിരിക്കെ, തിരിച്ചിട്ടപാറയെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ ഇടം നൽകി വിനോദ സഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. അങ്ങനെയെങ്കിൽ തിരിച്ചിട്ടപാറ ടൂറിസം പദ്ധതി നാടിന്റെ മുഖച്ഛായതന്നെ മാറ്റുമെന്നാണ് പ്രതീക്ഷ. പാറയുടെ ഉപരിതലം വരെ 500 ഓളം കൽപ്പടവുകളും സുരക്ഷാവേലിയും സ്ഥാപിക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് യാഥാർത്ഥ്യമായാൽ 'കേരളത്തിന്റെ പളനിമല" എന്ന വിശേഷണവും തിരിച്ചിട്ടപാറയ്ക്ക് സ്വന്തമാകും.

**പദ്ധതികൾ വേണം

ഉദിയറമുകൾ മലയ്ക്കും തിരിച്ചിട്ടപാറ കുന്നിനും ഇടയിലുള്ള താഴ്വാരമാകെ ഒരുകാലത്ത് വയലേലകളായിരുന്നു. ഇപ്പോൾ, റബർ തോട്ടങ്ങൾക്ക് ഇടയിലൂടെ, വളഞ്ഞുപുളഞ്ഞ് നീളുന്ന റോഡും നിരനിരയായി നീങ്ങുന്ന വാഹനങ്ങളും വിസ്മയമുണർത്തും. തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള തിരുച്ചിറ്റൂർ ക്ഷേത്രം പാറയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ആറേക്കറോളം സ്ഥലം ക്ഷേത്രം വകയാണ്. പാറയുടെ ചുവടു തൊട്ട് ക്ഷേത്ര വളപ്പ് വരെ 24 സെന്റ് റവന്യു പുറമ്പോക്കുണ്ട്. ഇവിടെ കല്പടവുകൾ തീർത്താൽ ക്ഷേത്രത്തിലും പാറമുകളിലും എത്താൻ വഴിയൊരുങ്ങും. വിനോദ സഞ്ചാരികളെ ആകർശിക്കാൻ പ്രകൃതിയൊരുക്കിയ മനോഹാരിത നിലനിൽക്കെ തിരിച്ചിട്ടപാറയിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അധികൃതർ ചെയ്യേണ്ടത്

------------------------------------

*ചോട്ടിൽ നിന്ന് പാറയുടെ ഉപരിതലം വരെ കൽപ്പടവുകളും സംരക്ഷണ വേലിയും സ്ഥാപിക്കണം

*പാറയുടെ ഭാഗമായുള്ള റവന്യുഭൂമി ഒഴിപ്പിക്കണം

*മോണിറ്ററിംഗ് സമിതി രൂപീകരിക്കണം

*ക്ഷേത്രത്തെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തണം

*ഐതിഹ്യത്തിന്റെ പിൻബലം

സേതുബന്ധനം നടത്താനായി ഹനുമാൻ തിരിച്ചിട്ടപാറ എടുത്തുകൊണ്ടു പോവുകയും പാറപ്പുറത്ത് ശിവക്ഷേത്രം കണ്ട ശ്രീരാമൻ തിരികെക്കൊണ്ട് വയ്ക്കാൻ ഹനുമാനോട് നിർദേശിക്കുകയും ചെയ്തെന്നാണ് വിശ്വാസം. ക്ഷേത്രം പ്രധാന പാറയുടെ കീഴ്ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ഇതിനുമുണ്ട് ഐതിഹ്യം. ക്ഷേത്രകാര്യങ്ങൾ പാലിച്ചിരുന്ന സ്ത്രീ ദിവസവും പാറമുകളിൽ എത്തിച്ചേരാനുള്ള അവശത കാരണം 'ദൈവമേ, ക്ഷേത്രം താഴെയായിരുന്നുവെങ്കിൽ" എന്ന് പ്രാർത്ഥിച്ചപ്പോൾ പ്രതിഷ്ഠ ഇപ്പോൾ കാണപ്പെടുന്ന ഭാഗത്തേക്ക് മാറിയെന്നാണ് വിശ്വാസം. നന്ദികേശന്റെ ചങ്ങല ഉരഞ്ഞുണ്ടായ അടയാളങ്ങളാണ് പാറപ്പുറത്ത് കാണപ്പെടുന്നതെന്നതെന്നും പറയുന്നു. 1972- ൽ വിഷ്ണു പ്രതിഷ്ഠ നടത്തിയതോടെ തിരുച്ചിറ്റൂർ ശിവ - വിഷ്ണു ക്ഷേത്രമായി അറിയപ്പെടുന്നു.