നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ കീളിയോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.515 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടാക്കട ആമച്ചൽ കള്ളിക്കാട് പുത്തൻ വീട്ടിൽ ശംഭു എന്നു വിളിക്കുന്ന വിശാഖ് ആർ.എസ് നായരാണ് (30) പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കേരളത്തിൽ എത്തിച്ചാണ് ഇയാൾ ചെറുകിട കച്ചവടം നടത്തിയിരുന്നത്. എക്സൈസ് സംഘത്തെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബോംബേറ് ഉൾപ്പെടെ അഞ്ച് വധശ്രമക്കേസിലും കഞ്ചാവ് കേസിലും പ്രതിയായ ഇയാൾ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, ഷാജു, പത്മകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി,അനീഷ്, സതീഷ് കുമാർ,അഖിൽ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.