 തുക ഇനിയുള്ള അഡ്വാൻസ് ഇനത്തിൽ ഉൾപ്പെടുത്തും

തിരുവനന്തപുരം: അടച്ച നികുതി വീണ്ടും അടച്ച നഗരവാസികൾക്ക് ആശ്വാസം. ഇങ്ങനെ അധികമടച്ച തുക അഡ്വാൻസ് ഇനത്തിൽ ഉൾപ്പെടുത്താൻ തീരുമാനമായി. ഇനിയുള്ള വർഷത്തെ നികുതിയിൽ ഈ തുക കൂടി ഉൾപ്പെടുത്തി ക്രമീകരിക്കും. നഗരസഭയിൽ സാധാരണ കെട്ടിട നികുതിയോ മറ്റ് നികുതികളോ ഉപഭോക്താവിന് നിശ്ചിത തുക തന്നെ അടയ്‌ക്കണമെന്നില്ല. തത്തുല്യ തുകയോ അധിക തുകയോ അതിൽ കുറച്ചുള്ള തുകയോ അടയ്ക്കാം. കുറച്ചാണ് അടയ്ക്കുന്നതെങ്കിൽ ബാക്കി തുക അടയ്ക്കാനുണ്ടെന്നും അധികമാണ് അടയ്ക്കുന്നതെങ്കിൽ തുക എത്ര അധികമുണ്ടെന്നും സോഫ്റ്റ്‌വെയറിൽ കാണിക്കും.

അതനുസരിച്ച് അടുത്ത തവണത്തേത് ഉപഭോക്താവിന് അടച്ചാൽ മതി. നികുതി അടച്ചിട്ടും കുടിശികയുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും അടപ്പിച്ചെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണിത്. അഡ്വാൻസ് തുക അടയ്ക്കുന്ന സംവിധാനം നേരത്തെയുണ്ടെങ്കിലും പലരും ഇത് പ്രയോജനപെടുത്താറില്ല. നികുതി അടച്ച രസീത് കൈമോശം വന്നവർക്കും നഗരസഭയുടെ പക്കലുള്ള കൗണ്ടർ രസീതിന്റെ അടിസ്ഥാനത്തിൽ കുടിശികയുടെ പ്രശ്‌നം അദാലത്തിൽ തീർപ്പാക്കും.

പോസ്റ്റിംഗ് വേഗത്തിലാക്കൻ നിർദ്ദേശം

കുടിശികയുള്ളവരുടെ ലിസ്റ്റ് സോഫ്റ്റ്‌വെയറിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മേയർ ആര്യാ രാജേന്ദ്രൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഇന്നലെ നഗരസഭയിൽ ചേർന്ന റവന്യു ഇൻസ്പെക്ടറുടെ യോഗത്തിലാണ് നിർദ്ദേശം. ജനങ്ങളോട് പരാതി ചോദിച്ചറിഞ്ഞ് പരിഹാരം കാണണമെന്നും മേയർ നിർദ്ദേശിച്ചു.

നികുതി ഒടുക്കിയവരുടെ വിവരങ്ങൾ സഞ്ചയ സോഫ്റ്റ്‌വെയറിൽ ഒരു മാസത്തിനകം അപ്‌ലോഡു ചെയ്യും. ഇതിനുശേഷം കുടിശിക വരുത്തിയിട്ടുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കും. തുടർന്നുള്ള പരാതികൾ പരിഹരിക്കാൻ അടുത്ത മാസം 22 മുതൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന അദാലത്ത് സോണൽ ഓഫീസ് അടിസ്ഥാനത്തിൽ നടത്തും.