കാട്ടാക്കട: നെയ്യാർ ലയൺ സഫാരി പാർക്ക് ഓർമ്മയാകുന്നു. നെയ്യാർഡാം ടൂറിസം വികസനം നടപ്പിലാക്കാൻ വൈകുന്നതാണ് നെയ്യാർ ലയൺ സഫാരി പാർക്കിനും തിരിച്ചടിയായത്. നെയ്യാർ ലയൺ സഫാരി പാർക്കിലെ സിംഹങ്ങളെല്ലാം ചത്തതോടെ ഇവിടെയെത്തുള്ള കാഴ്ചക്കാർ നിരാശരായി മടങ്ങുകയാണ്.
പ്രത്യേക പാക്കേജായി എടുത്താണ് ഇവിടെ തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികളെ നെയ്യാർഡാമിൽ എത്തിച്ചിരുന്നത്. എന്നാൽ ഈ പാർക്കുകളുടെ ശോച്യാവസ്ഥ കാരണം സഞ്ചാരികൾ നെയ്യാർ ഡാമിനെ അവഗണിക്കുകയാണ്. വർഷം തോറും ലക്ഷക്കണക്കിന് രൂപയാണ് ടൂറിസം വികസനത്തിനായി ഇവിടെ ചെലവഴിക്കുന്നതെങ്കിലും ഇതൊന്നും നെയ്യാർഡാമിൽ കാണാനില്ല.
നെയ്യാർ ഡാമിലെ മരക്കുന്നം ദ്വീപിൽ 1984ലാണ് രാജ്യത്തെ ആദ്യ ലയൻ സഫാരി പാർക്ക് ആരംഭിച്ചത്. 1984ൽ നാല് സിംഹങ്ങളെ എത്തിച്ച് സഫാരി പാർക്കിൽ സന്ദർശകരെ അനുവദിച്ചു തുടങ്ങി. പിന്നീട് ഇവ പെരുകി 17 സിംഹങ്ങൾ വരെയെത്തി. ലയൺ സഫാരി പാർക്ക് കാരണം വകുപ്പിന് നല്ല വരുമാനം നേടാനായെങ്കിലും പരിപാലന ചെലവ് ഭാരമെന്നു പറഞ്ഞ് 2005ൽ സിംഹങ്ങളെ വന്ധ്യംകരണം നടത്തി. ഇത് പാർക്കിന്റെ നാശത്തിന് തുടക്കം കുറിച്ചു.
വന്ധ്യംകരണത്തെ തുടർന്നുള്ള അണുബാധയും ചിലത് വാർദ്ധക്യമായതും ഒക്കെയായി 2018 ആയപ്പോൾ തന്നെ 2 സിംഹമായി കുറഞ്ഞു. ഒടുവിൽ 2019ൽ ഒന്നിനെ കൂടെ എത്തിച്ചെങ്കിലും അതും ചത്തു. ഇപ്പോൾ ലയൺ സഫാരി പാർക്കിൽ സിംഹങ്ങൾ ഒന്നും ഇല്ല. പാർക്കിൽ അവശേഷിച്ചിരുന്ന പെൺസിംഹം ബിന്ദു കൂടി ചത്തതോടെ ലയൺ സഫാരി പാർക്ക് പേര് പോലും പാർക്കിന് ചേരാതായി.
മുൻപ് കാഴ്ചകളാൽ സമൃദ്ധം
നെയ്യാർഡാം ടൂറിസ്റ്റ് കേന്ദ്രത്തിൽ മുൻപ് ഉണ്ടായിരുന്നത്
ലയൺ സഫാരി പാർക്ക്
മാൻ പാർക്ക്
ചീങ്കണ്ണി പാർക്ക്
നെയ്യാർഡാം ഉദ്യാനം
ഫിഷറീസ് അക്വേറിയം
വനം വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും ബോട്ട് സർവീസുകൾ
ലയൺ സഫാരി പാർക്ക് ആരംഭിച്ചത് - 1984ൽ
സിംഹങ്ങൾ
1984ൽ - 4
പിന്നീട് - 17
കഷ്ടകാലം തുടങ്ങിയത് - 2005 ൽ
സിംഹങ്ങളെ വന്ധ്യംകരണം നടത്തി
2018ൽ - 2
2021 - ഒന്നുമില്ല
സിംഹങ്ങളുടെ പരമാവധി ആയുസ് - 20 വർഷം
സിംഹങ്ങളെ എത്തിച്ചെങ്കിലും
ഇതിനിടെ വന്യ മൃഗങ്ങളുടെ ട്രീറ്റ്‌മെന്റ് സെന്റർ ആക്കുന്നതിന്റെ ഭാഗമായി മൃഗങ്ങളെ എത്തിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് മലയണ്ണാനെ കൊടുത്ത് ഗുജറാത്തിൽ നിന്ന് രണ്ടു സിംഹങ്ങളെ എത്തിച്ചത്. എന്നാൽ അശ്രദ്ധയും വേണ്ടത്ര പരിചയ കുറവും ഇതിൽ ഒരു സിംഹം തിരുവനന്തപുരത്തു കൊണ്ടുവന്ന ആഴ്ച തന്നെ ചത്തു. പിന്നീട് മാസങ്ങൾക്കകം മറ്റൊരു സിംഹമായ നാഗരാജനും ചത്തു.