തിരുവനന്തപുരം: ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ അനുവദിച്ച പ്രൊഫസർ പദവി കരസ്ഥമാക്കാൻ മുൻകാല പ്രാബല്യത്തോടെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു നൽകാമെന്ന വാഗ്ദാനവുമായി ഡൽഹിയിലെ പ്രസിദ്ധീകരണശാല അദ്ധ്യാപകരെ വലവീശുന്നു.
2018 മുതൽ പ്രൊഫസർ പദവി ലഭിക്കുമെന്നതാണ് നേട്ടം. ആവശ്യപ്പെടുന്ന അദ്ധ്യാപകന്റെ പേരിൽ മുൻ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതാണെന്ന് ബോധ്യപ്പെടുത്താൻ രേഖകൾ തയ്യാറാക്കി നൽകുമെന്നാണ് കോളേജ് അദ്ധ്യാപകർക്ക് അയച്ച ഇ-മെയിലിൽ പറയുന്നത്.
പത്തു ലക്ഷത്തിലേറെ രൂപ നൽകേണ്ടിവരുമെന്നാണ് സൂചന. പ്രൊഫസർ പദവിക്ക് അംഗീകൃത ജേർണലുകളിൽ 10 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്നാണ് നിബന്ധന. അദ്ധ്യാപകരിൽ മിക്കവർക്കും ഇത്രയും പ്രബന്ധങ്ങളില്ല.
അംഗീകൃത ജേർണലുകളുടെ പട്ടിക
2019ലാണ് യു.ജി.സി ഇറക്കിയത്. അതിനുമുമ്പുള്ള കാലയളവിൽ ഏതെങ്കിലും ജേർണലുകളിൽ പ്രസിദ്ധീകരിച്ചതായി രേഖയുണ്ടാക്കി നൽകാമെന്നാണ് വാഗ്ദാനം.
. സർക്കാർ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറും എയ്ഡഡ് കോളേജുകളിൽ സർവകലാശാലകളുമാണ് പ്രൊഫസർ പദവി അനുവദിക്കുന്നത്. ഗവ. കോളേജ് അദ്ധ്യാപകർക്ക് രേഖകൾ നൽകാൻ മൂന്നാംവട്ടം സമയം നീട്ടിനൽകിയത് പ്രബന്ധങ്ങളുടെ എണ്ണം തികയ്ക്കാൻ വേണ്ടിയാണെന്ന് ആക്ഷേപമുണ്ട്. 30വരെയാണ് സമയ പരിധി.
പ്രൊഫസർ പദവിക്ക്
1)അസോസിയറ്റ് പ്രൊഫസറായി മൂന്നു വർഷത്തെ പരിചയം
2)അക്കാഡമിക് പെർഫോമൻസ് ഇൻഡിക്കേറ്ററിൽ 110 സ്‌കോർ
3)യുജിസി അംഗീകൃത പ്രസിദ്ധീകരണങ്ങളിൽ 10 പ്രബന്ധങ്ങൾ
4) മൂന്ന് പ്രബന്ധങ്ങൾ അസ്സസ്‌മെന്റ് കാലയളവിലായിരിക്കണം
150
അദ്ധ്യാപകർക്ക് ആദ്യഘട്ടത്തിൽ പ്രൊഫസർ പദവി ലഭിക്കും
"യു.ജി.സി അംഗീകൃത ജേർണലുകൾക്ക് പകരം രാഷ്ട്രീയ മാസികകളിലോ ആനുകാലികങ്ങളിലോ വന്ന പ്രബന്ധങ്ങൾ പരിഗണിക്കരുത്. വ്യവസ്ഥകളിൽ ഇളവ് നൽകുന്നത് അക്കാഡമിക് മേഖലയുടെ മൂല്യശോഷണത്തിനിടയാക്കും"
-ആർ.എസ്.ശശികുമാർ
സേവ് യൂണിവേഴ്സിറ്റി
കാമ്പെയിൻ കമ്മിറ്റി