hg

വർക്കല: കടയ്ക്കാവൂർ സ്വദേശിയായ യുവതിയെ വീട് വാടകയ്ക്കെടുത്ത് കൊടുക്കാമെന്നു പറഞ്ഞ് കാറിൽ നിർബന്ധിച്ചു കയറ്റി കൊണ്ടുപോയി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വർക്കല രഘുനാഥപുരം കടയിൽ വീട്ടിൽ ഷാക്കറാണ് (37) അറസ്റ്റിലായത്.

വടശ്ശേരിക്കോണത്ത് വാടക വീട് നോക്കാൻ എത്തിയ യുവതിയെ പ്രതി വിവിധ സ്ഥലങ്ങളിൽ വാടക വീട് നോക്കാനെന്ന പേരിൽ കൊണ്ടുപോയി കാറിൽ വച്ചും മറ്റും പീഡിപ്പിക്കുകയായിരുന്നുവെന്ന് വർക്കല പൊലീസ് പറഞ്ഞു. വീട് വാടകയ്ക്കെടുത്ത് നൽകിയശേഷം വാടക വീട്ടിൽ വച്ചും പ്രതി യുവതിയെ പല ദിവസങ്ങളിലും പീഡിപ്പിച്ചിരുന്നു. യുവതിയെ വാടകവീട്ടിൽ വച്ച് പീഡിപ്പിച്ച ശേഷം റൂമിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും യുവതിയുടെ ടൂവീലറുമായി പ്രതി കടന്നുകളഞ്ഞു. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം വർക്കല ഡി.വൈ.എസ്‌പി പി. നിയാസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. യുവതിയുടെ കൈയിൽ നിന്ന് തട്ടിയെടുത്ത ടൂവീലറും കണ്ടെടുത്തു. എസ്.ഐ ഫിറോസ്ഖാൻ, എ.എസ്.ഐ ബിജു കുമാർ, സുനിൽരാജ്, എസ്.ഐ ഗോപകുമാർ, എ.എസ്.ഐ ബൈജു, ഹരീഷ്, ഷൈജു കണ്ണൻ പിള്ള, എസ്.സി.പി.ഒ വിനോദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.