l

കടയ്ക്കാവൂർ: സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവതികളെയും പെൺകുട്ടികളെയും പരിചയപ്പെട്ട് അവരുടെ ഫോട്ടോയും വീഡിയോയും കൈക്കലാക്കി അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുന്ന യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. ചെന്നൈ അമ്പത്തൂർ വിനായകപുരം ഡോക്ടർ രാജേന്ദ്രപ്രസാദ് സ്ട്രീറ്റിൽ റെജി എന്നറിയപ്പെടുന്ന ശ്യാമിനെയാണ് (28) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ടയാൾ സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരവേയാണ് പ്രതി പിടിയിലായത്. പ്രതി ചെന്നൈയിലും ബംഗളൂരുവിലുമായി വ്യാജ മേൽവിലാസത്തിൽ ലോഡ്ജുകളിൽ ഒളിവിൽ കഴിഞ്ഞുവരികയായിയുന്നു.

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതിയെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

ചെന്നൈ, ബംഗളൂരു, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഐ.ടി സ്ഥാപനങ്ങളുടെ വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചാണ് പ്രതി പലരെയും കബളിപ്പിച്ചത്. സമാനമായ രീതിയിൽ പ്രതി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നു പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം റൂറൽ എസ്.പി മധുവിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ അജേഷ്. വി, എസ്.ഐ ദീപു. എസ്.എസ്, എ.എസ്.ഐമാരായ ജയപ്രസാദ്, ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജ്യോതിഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്, കർണാടക സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.