തിരുവനന്തപുരം: മരണകാരണം കൊവിഡാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഇന്നു മുതൽ ഓൺലൈനായും നേരിട്ടും അപേക്ഷിക്കാം. കൊവിഡ് ബാധിച്ചുള്ള മരണമായിട്ടും സംസ്ഥാന സർക്കാർ തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെടാതെ പോയതും കൊവിഡ് പോസിറ്റീവായതിനു ശേഷം 30 ദിവസത്തിനകമുണ്ടായ ആത്മഹത്യ ഉൾപ്പെടെയുള്ള മരണവും പട്ടികയിൽ ഉൾപ്പെടും. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് കൊവിഡ് പോസിറ്റീവായ ശേഷം 30 ദിവസത്തിനകമുള്ള മരണം പട്ടികയിലുൾപ്പെടുത്തിയത്.
ഓൺലൈനിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്.സി) വഴിയോ അക്ഷയ സെന്റർ വഴിയോ അപേക്ഷിക്കാം. വിശദ പരിശോധനയ്‌ക്കു ശേഷം ഔദ്യോഗിക കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷകൾ 30 ദിവസത്തിനകം തീർപ്പാക്കും. പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും ധനസഹായ വിതരണം.
ആദ്യം പേരുറപ്പിക്കൽ
ഇ-ഹെൽത്ത് കൊവിഡ് 19 ഡെത്ത് ഇൻഫോ ( https://covid19.kerala.gov.in/deathinfo) പോർട്ടലിലൂടെയാണ് മരണ നിർണയത്തിനും സർട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യം പോർട്ടലിൽ കയറി കൊവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റിൽ പേരുണ്ടോയെന്ന് ഉറപ്പിക്കണം. ഉൾപ്പെട്ടിട്ടില്ലെങ്കിൽ മാത്രം അപേക്ഷിക്കാം.
സ്ഥിതി അറിയാം
അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്ത് 'ചെക്ക് യുവർ റിക്വസ്റ്റ് സ്റ്റാറ്റസിൽ" കയറിയാൽ അപേക്ഷയുടെ സ്ഥിതിയറിയാം. മരണ ദിവസവും അപേക്ഷാ നമ്പരോ / മുമ്പ് നൽകിയ അപേക്ഷകന്റെ മൊബൈൽ നമ്പരോ നിർബന്ധമായും നൽകണം.
ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്
സംസ്ഥാന സർക്കാരിന്റേതിനു പുറമേ ഐ.സി.എം.ആർ പ്രത്യേക സർട്ടിഫിക്കറ്റും നൽകും. https://covid19.kerala.gov.in/deathinfo പോർട്ടലിൽ ഐ.സി.എം.ആർ സർട്ടിഫിക്കറ്റ് റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പരും ഒ.ടി.പി നമ്പരും നൽകണം. കൂട്ടിച്ചേർക്കലിന് അപ്പീൽ റിക്വസ്റ്റ് നൽകിയതിന് സമാനമായ വിവരങ്ങൾ നൽകിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും.
'ഐ.സി.എം.ആറിന്റെ പുതുക്കിയ നിർദ്ദേശപ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും കേരള സർക്കാരിന്റെ കൊവിഡ് മരണപ്പട്ടികയിൽ ഇല്ലാത്തതും ഏതെങ്കിലും പരാതിയുള്ളവർക്കും പുതിയ സംവിധാനത്തിലൂടെ സുതാര്യമായി അപേക്ഷിക്കാം".
- വീണാ ജോർജ്,
ആരോഗ്യമന്ത്രി