നെയ്യാറ്റിൻകര: ശുദ്ധീകരണസംവിധാനങ്ങൾ കാലഹരണപ്പെട്ടതോടെ മാരായമുട്ടത്തെ ജനങ്ങൾക്ക് കുടിനീരായി കിട്ടുന്നത് ചെളിയും ഓരും നിറഞ്ഞ വെള്ളമാണ്. 40 വർഷത്തോളം പഴക്കമുള്ള പദ്ധതിയുടെ നവീകരണം അസാദ്ധ്യമെന്നാണ് വാട്ടർ അതോറിട്ടിയുടെ അഭിപ്രായം. 1980ലാണ് നെയ്യാറിന്റെ തീരത്ത് മാമ്പഴക്കരയിൽ മാരായമുട്ടം ജലവിതരണ പദ്ധതിയുടെ ജലശുദ്ധീകരണ ടാങ്ക് നിർമ്മിക്കുന്നത്. ഇതിന് ഒന്നരക്കിലോമീറ്ററിനുള്ളിൽ മൊട്ടക്കാലക്കുന്നിൽ ജലസംഭരണ ടാങ്കും നിർമ്മിച്ചു.
നെയ്യാറിലെത്തുന്ന ജലം അത് വിധത്തിലായാലും തെളിഞ്ഞതായാലും കലങ്ങിയതായാലും അതേ പടിയാണ് ഇപ്പോൾ ജനങ്ങൾക്ക് മുന്നിലെത്തുന്നത്. പഞ്ചായത്തിലെ അയിരൂർ, ആങ്കോട്, പെരുങ്കടവിള, മാരായമുട്ടം, തത്തമല, പഴമല, പുളിമാംകോട് തുടങ്ങിയ വാർഡുകളിലാണ് ഈ പദ്ധതി വഴി ജലവിതരണം നടക്കുന്നത്. വർഷങ്ങളായി ഈ ജലമാണ് ഇവിടുത്തെ ജനങ്ങൾ ഉപയോഗിക്കുന്നത്. പദ്ധതി കാലപ്പഴക്കം ചെന്നതിനാൽ അറ്റകുറ്റപ്പണി നടത്തി നവീകരിക്കാനുളള സാധ്യതയില്ലെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വിശദീകരണം. കാളിപ്പാറ ശുദ്ധജല പദ്ധതി ഈ ഭാഗത്തേക്കും വ്യാപിപ്പിച്ച് ശുദ്ധജലം ലഭ്യമാക്കാൻ അധികൃതർ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
** പാളിയ പദ്ധതികൾ
നെയ്യാറിലെ ജലം ഫിൽട്ടറേഷൻ നടത്തി ശുദ്ധീകരണടാങ്കിൽ കടത്തിവിട്ട് മൊട്ടക്കാലക്കുന്നിലെ ജലസംഭരണിയിൽ ശേഖരിച്ച് പമ്പിംഗ് നടത്തി പെരുങ്കടവിള പഞ്ചായത്തിലെ പകുതിയിലേറെ വാർഡുകളിലേക്ക് ജലമെത്തിക്കാനായാണ് പദ്ധതി ആരംഭിച്ചത്. ആ കാലഘട്ടത്തിൽ ചല്ലി, മണൽ, കരി എന്നിവ ഉപയോഗിച്ചുളള പഴയരീതിയിലുളള ഫിൽട്ടറേഷൻ സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. എന്നാൽ നിശ്ചിത ഇടവേളകളിൽ ഫിൽട്ടറേഷൻ സംവിധാനം പരിപാലിക്കാത്തതിനാൽ പദ്ധതി പ്രവർത്തനം തുടങ്ങി അധികം വൈകാതെ ഫിൽട്ടറേഷൻ വഴിയുളള ശുദ്ധീകരണം പൂർണമായും തകർന്നു. തുടർന്ന് ടാങ്കിന്റെ ഏറ്റവും അടിഭാഗത്തായി ഒരു സുഷിരമുണ്ടാക്കി ആറ്റിലെ ജലം നേരിട്ട് ശുദ്ധീകരണ ടാങ്കിൽ കയറ്റി അത് സംഭരണിയിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. ശുദ്ധീകരണത്തിനായി വല്ലപ്പോഴും ടാങ്കിലെ ജലത്തിൽ ബ്ലീച്ചിംഗ് പൗഡറോ ആലമോ ചേർക്കും. പൈപ്പ് വഴി മലിനജലം ലഭിച്ചതോടെ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയതോടെ മാലിന്യം തടയുന്നതിനായി ഒരു അരിപ്പ ഈ സുഷിരത്തിന് മേൽ സ്ഥാപിച്ചു.