plus-two

തിരുവനന്തപുരം: ഇഷ്ടവിഷയം കിട്ടിയില്ലെങ്കിലും യോഗ്യത നേടിയ എല്ലാവർക്കും പ്ളസ് വണ്ണിന് പ്രവേശനം ലഭിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടിയെങ്കിലും അപേക്ഷകരുടെ എണ്ണം കുറഞ്ഞതാണ് പ്രവേശനം ഉറപ്പ് വരുത്തുന്നത്. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവർക്ക് ഇഷ്ടവിഷയം കിട്ടുന്നില്ലെന്ന പരാതി നിലവിലുണ്ട്. അടുത്ത അലോട്ട്മെന്റോടെ ഇൗ പ്രശ്നവും പരിഹരിക്കുമെന്നാണ് സൂചന. മലപ്പുറം ജില്ലയിൽ മാത്രമാണ് അപേക്ഷകരുടെ എണ്ണം കൂടുതലുള്ളത്. അവിടെ 75,000 പേർ എസ്.എസ്.എൽ.സി വിജയിച്ചു. പക്ഷേ, പ്ളസ് വണ്ണിന് 61,000 സീറ്റേയുള്ളൂ. മറ്റ് ജില്ലകളിലാകട്ടെ അപേക്ഷകരെക്കാൾ സീറ്റുകളുണ്ട്.

കഴിഞ്ഞ വർഷത്തേക്കാൾ 12,028 അപേക്ഷകർ കുറവാണ്. കഴിഞ്ഞ വർഷം 4,76,040 ആയിരുന്നു അപേക്ഷകർ. ഇൗ വർഷം 4,64,012. എസ്.എസ്.എൽ.സി വിജയിച്ച 4,21,673 പേർ കഴിഞ്ഞ വർഷം അപേക്ഷിച്ചപ്പോൾ ഇപ്പോൾ അപേക്ഷകർ 4,20,774. 899 അപേക്ഷകരുടെ കുറവ്. സി.ബി.എസ്.ഇ സിലബസിൽ പഠിച്ച 39,291 പേർ കഴിഞ്ഞ വർഷം അപേക്ഷിച്ചപ്പോൾ ഇൗ വർഷം 30,757. 8,534 അപേക്ഷകരുടെ കുറവ്. 3,879 എെ.എസ്.സിക്കാരാണ് കഴിഞ്ഞ വർഷം അപേക്ഷിച്ചത്. ഇക്കുറി 3,303 പേർ. 576 അപേക്ഷകരുടെ കുറവ്. മറ്റ് സിലബസിൽ പഠിച്ച 11,197 പേർ കഴിഞ്ഞ വർഷം അപേക്ഷിച്ചപ്പോൾ ഇൗ വർഷം അത് 9,178 ആയി. 2019 അപേക്ഷകരുടെ കുറവ്.

കഴിഞ്ഞ വർഷത്തേക്കാൾ എ പ്ളസ് ലഭിച്ചവരുടെ എണ്ണം മൂന്നിരട്ടിയായതിനാൽ എല്ലാവർക്കും ആഗ്രഹിച്ച സ്കൂളും കോഴ്സും കിട്ടില്ലെന്ന് മാത്രം.

സംസ്ഥാനത്ത് എസ്.എസ്.എൽ.സിക്ക് ഏറ്റവും കൂടുതൽ പേർ വിജയിച്ചത് 2015 ലായിരുന്നു. 4.5 ലക്ഷം കുട്ടികൾ. വിജയശതമാനം ഉയർന്നതോടെ അന്ന് 20 ശതമാനം സീറ്റ് എല്ലാ ജില്ലകളിലും വർദ്ധിപ്പിച്ചു. അതോടെ സീറ്റുകളുടെ എണ്ണം 4.11 ലക്ഷമായി ഉയർന്നു. എന്നാൽ, 3.83 ലക്ഷം പേർ മാത്രമാണ് പ്രവേശനം നേടിയത്. മറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടന്നു.

പ്രവേശനം നേടിയവർ

 2019-- 3.61 ലക്ഷം

 2020-- 3.64 ലക്ഷം

സീറ്റുകൾ

സർക്കാർ:

 സയൻസ് 64,000

 ഹ്യുമാനിറ്റീസ് 33,800

 കൊമേഴ്സ് 43,250

എയ്ഡഡ്:

 സയൻസ് 88,800

 ഹ്യുമാനിറ്റീസ് 29,550

 കൊമേഴ്സ് 65,100

അൺഎയ്ഡഡ്

 സയൻസ് 32,776

ഹ്യുമാനിറ്റീസ് 6,528

 കൊമേഴ്സ് 15,853

സീറ്റ് അലോട്ട്‌മെന്റ്

 ഏകജാലകം 2,39,551

 മാനേജ്‌മെൻറ് ക്വാട്ട 38,799

 കമ്മ്യൂണിറ്റി ക്വാട്ട 21,459

 അൺഎയ്ഡഡ് 55,157

 സ്‌പോർട്സ് ക്വാട്ട 634

'സീറ്റ് അധികമുള്ള ജില്ലകളിൽ നിന്ന് മറ്റു ജില്ലകളിലേക്ക് സീറ്റുകൾ മാറ്റുന്ന കാര്യം പരിഗണിക്കും".

-മന്ത്രി വി. ശിവൻകുട്ടി