തിരുവനന്തപുരം: നഗരസഭയിൽ രാപ്പകൽ സമരം നടത്തുന്ന ബി.ജെ.പി കൗൺസിലർമാരോട് മേയർ തട്ടിക്കയറിയെന്ന് ആക്ഷേപം.

കഴിഞ്ഞ ദിവസം രാത്രിയിൽ കൗൺസിൽ ഹാളിലെത്തിയ മേയർ കൗൺസിലർമാർ അല്ലാത്തവർ ആരും ഹാളിൽ പ്രവേശിക്കാൻ പാടില്ലെന്ന് പറഞ്ഞു. എന്നാൽ കുടുംബാംഗങ്ങളാണ് വന്നിരിക്കുന്നതെന്ന് ബി.ജെ.പി കൗൺസിലർമാർ പറഞ്ഞതിനെച്ചൊല്ലി മേയർ തട്ടിക്കയറിയെന്നാണ് ആരോപണം.

സമരത്തിൽ മനപൂർവം പ്രകോപനമുണ്ടാക്കി ആസൂത്രിതമായി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന മേയറുടെ നിലപാട് തിരുത്തപ്പെടേണ്ടതാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ പറഞ്ഞു. എന്നാൽ കൗൺസിലർമാരുടെ കുടുംബാംഗങ്ങളല്ലാതെ മറ്റ് ചിലരാണ് രാത്രി അവിടെ നിന്നതെന്നും അവരോടാണ് കൗൺസിൽ ഹാളിൽ പ്രവേശിക്കരുതെന്ന് പറ‌ഞ്ഞതെന്നും മേയറുടെ ഓഫീസ് അറിയിച്ചു.