തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ശക്തമാകുന്നില്ലെന്ന് പരാതി. നേമം, കഴക്കൂട്ടം, ശ്രീകാര്യം സ്റ്റേഷനുകളിലാണ് തട്ടിപ്പ് സംബന്ധിച്ച് കേസുകളെടുത്തിട്ടുള്ളത്. നേമത്ത് മോഷണക്കുറ്റം അടക്കമുള്ളവ ചേർത്ത് കേസെടുത്തിട്ടുണ്ടെങ്കിലും മറ്റ് ചില സ്‌റ്റേഷനുകളിൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണുള്ളതെന്നാണ് ആക്ഷേപം. വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനയും അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരായ പരാതിയിലുള്ളത്. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രതികൾക്ക് ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നാണ് ആക്ഷേപം.
നേമം മേഖലാ ഓഫീസിൽ കോർപ്പറേഷൻ നികുതി പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർക്ക് പൊലീസ് അന്വേഷണ സംഘം നോട്ടീസ് അയച്ചു. ഇവിടെ പണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് പ്രതികളാക്കിയിട്ടുള്ളത്. പണം അടയ്ക്കാൻ കൊണ്ടുപോയവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളാക്കിയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌താലേ ഇത് കണ്ടെത്താനാകൂ. 26 ലക്ഷത്തോളം രൂപയാണ് ഇവിടെനിന്ന് പല ദിവസങ്ങളിലായി തട്ടിയത്. ഉദ്യോഗസ്ഥരുടെ കൂട്ടായ തട്ടിപ്പാണോ എന്നതും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം മറ്റ് രണ്ടിടങ്ങളിലും പണം അടയ്ക്കാൻ കൊണ്ടുപോയ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.
വീട്ടുകരം തട്ടിപ്പ്: പ്രതികളെ രക്ഷിക്കാൻ
ശ്രമം നടക്കുന്നു-ബി.ജെ.പി
തട്ടിപ്പിലെ പ്രതികളെ സംരക്ഷിക്കാൻ പൊലീസും ചില ഇടതുപക്ഷ അഭിഭാഷകരും ശ്രമിക്കുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. നേമം സോണൽ ഓഫീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഇടതുയൂണിയൻ നേതാക്കൾക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കിട്ടാനുള്ള സാഹചര്യം പൊലീസും നഗരസഭയും ഒരുക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ കോടതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോൾ നഗരസഭയുടെയും പൊലീസിന്റെയും ഭാഗം വാദിക്കേണ്ട സർക്കാർ അഭിഭാഷകന്റെ ഭാഗത്തുനിന്ന് ശക്തമായ വാദഗതികൾ ഉയർന്നിട്ടില്ല. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ യഥാർത്ഥ വസ്‌തുത പുറത്തുവരൂ. പ്രതികൾ മുൻകൂർ ജാമ്യം നേടിയാൽ എൽ.ഡി.എഫും സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായിരിക്കും ഉത്തരവാദിയെന്നും രാജേഷ് പറഞ്ഞു.
മഹിളാമോർച്ച പ്രതിഷേധം
നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. എ.സി ഓഫീസിനു മുന്നിൽ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പിരിഞ്ഞുപോകാത്ത പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ.ജി ഉദ്ഘാടനം ചെയ്‌തു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല, സംസ്ഥാന ജനറൽ സെക്രട്ടറി രാഖേന്ദു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് ശിവശങ്കരൻ, മഹിളാ മോർച്ച ജില്ലാ മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.