പോത്തൻകോട്: ശക്തമായ മഴയിൽ വെമ്പായം പന്തലക്കോടിന് സമീപം മതിലിടിഞ്ഞ് മുകളിലേക്ക് പതിച്ച് വീട് പൂർണമായി തകർന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന വൃദ്ധ ദമ്പതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. പന്തലക്കോട് വാഴോട്ടുപൊയ്‌ക വീട്ടിൽ സുന്ദരേശനും ഭാര്യ ചന്ദ്രികയുമാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം.
ഇവരുടെ വീടിനോട് ചേർന്ന് മുകൾഭാഗത്ത് സ്ഥിതിചെയ്യുന്ന വീടിന്റെ 25അടിയോളം ഉയരമുള്ള മതിൽ തകർന്ന് വീട്ടിലേക്ക് പതിക്കുകയായിരുന്നു. പുറത്തെന്തോ ശബ്ദംകേട്ട സുന്ദരേശൻ പുറത്തിറങ്ങിയപ്പോഴാണ് മണ്ണിടിയുന്നതായി കണ്ടത്. ഉടൻ തന്നെ ഭാര്യ ചന്ദ്രികയെയും കൂട്ടി വീടിനു പുറത്തേക്ക് ഓടുകയായിരുന്നു. വീട്ടുകാർ പുറത്തെത്തിയപ്പോഴേക്കും മുകളിലത്തെ വീടിന്റെ ചുറ്റുമതിലും മണ്ണും പതിച്ച് വീട് പൂർണമായി തകർന്നിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. മതിൽ തകർന്ന് മണ്ണിടിച്ചിലുണ്ടായതോടെ സമീപത്തെ രണ്ടുവീടുകളും അപകടാവസ്ഥയിലാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് ഫയർഫോഴ്സ് സംഘം അപകടാവസ്ഥയിലായ വീടുകളിലെ താമസക്കാരെയും മാറ്റിപ്പാർപ്പിച്ചു.