തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും അനുയോജ്യമായ സ്ഥലം വഞ്ചിയൂർ കോടതി പരിസരമെന്ന് കവർച്ചാക്കേസിലെ പ്രതികളുടെ മൊഴി. മംഗലപുരം സി.ഐ കോടതിയിൽ ഹാജരാക്കിയ കേസ് ഡയറിയിലാണ് ഈ വിവരം. ദേശീയപാതയിലെ സ്വർണക്കവർച്ചയ്ക്കുപയോഗിച്ച കാറുകൾ വഞ്ചിയൂർ കോടതി പരിസരത്തെത്തിച്ച ശേഷമാണ് വ്യാജ നമ്പർ പ്ലേറ്റ് നീക്കംചെയ്‌ത് അന്യസംസ്ഥാനത്തേക്ക് കടത്തിയതെന്നാണ് പ്രതികളുടെ മൊഴി.

പൊലീസ് നിരീക്ഷണമോ നിരീക്ഷണ കാമറകളോ ഇല്ലാത്ത നഗരത്തിലെ ഏക സ്ഥലം വഞ്ചിയൂർ കോടതി പരിസരമാണെന്നും മൊഴിയിൽ പറയുന്നു. ഏപ്രിൽ ഒമ്പതിന് രാത്രിയിലാണ് ജുവലറി ഉടമയെ കാർ തടഞ്ഞുനിറുത്തി വെട്ടിപ്പരിക്കേല്പിച്ച് 100 പവൻ സ്വർണം കവർന്നത്. കോടതിയുടെ പ്രധാന ഗേറ്റിന് സമീപം പൊലീസ് കാവലുണ്ടെങ്കിലും ആരെയും നിയോഗിക്കാറില്ല. കോടതി ഡ്യൂട്ടിക്കോ പ്രതികളോടൊപ്പമോ എത്തുന്ന പൊലീസുകാർ ഉച്ചയ്ക്ക് ഒന്നരയോടെ മടങ്ങിക്കഴിഞ്ഞാൽ കോടതി പരിസരത്ത് പൊലീസ് സാന്നിദ്ധ്യമില്ലെന്നാണ് ആക്ഷേപം.