മുടപുരം: ജനസാന്ദ്രതയേറിയ മംഗലപുരം ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിന് ആവശ്യമായ സ്ഥലം ലഭിക്കാത്തതിനാൽ ശ്‌മശാനം സ്ഥാപിക്കാൻ കഴിയാതിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്. ശ്‌മശാനം സ്ഥാപിക്കുന്നതിനായി അനേക വർഷങ്ങളായി തുക വകയിരുത്തുന്നുണ്ടെങ്കിലും സ്ഥലം ലഭിക്കാത്തതിനാൽ നിർമ്മാണം നീണ്ടു പോകുന്നു.

ഇരുപത് വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ മുപ്പത്തേഴായിരത്തോളം ജനങ്ങൾ അധിവസിക്കുന്നു.

സയൻസ് പാർക്ക്, ഒട്ടേറെ ക്ലേ ഫാക്ടറികൾ, അനേകം വ്യവസായ സ്ഥാപനങ്ങൾ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലൂടെ നാഷണൽ ഹൈവേ കടന്ന് പോകുന്നു. നഗരവും ഗ്രാമവും ഇടചേർന്ന ഭൂപ്രദേശമാണ് ഈ ഗ്രാമപഞ്ചായത്ത്.
പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമിയിലോ ഗ്രാമപഞ്ചായത്ത് കണ്ടെത്തുന്ന മറ്റ് സ്ഥലങ്ങളിലോ ശ്‌മശാനം നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.ഒഴിഞ്ഞ് കിടക്കുന്ന ഒട്ടേറെ സർക്കാർ സ്ഥലങ്ങൾ പഞ്ചായത്തിൽ നിലവിലുണ്ടെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു.

മംഗലപുരം ഗ്രാമപഞ്ചായത്ത് - 20 വാർഡുകൾ

ജനസംഖ്യ - 37000 ത്തോളം

കോളനി നിവാസികളുടെ കാര്യം കഷ്ടം

8 കോളനികൾ സ്ഥിതി ചെയ്യുന്ന ഇവിടെ മൂന്നും നാലും സെന്ററിൽ താമസിക്കുന്ന അനേകം കുടുംബങ്ങളുണ്ട്. അതിനാൽ കുടുംബത്തിലെ ആരെങ്കിലും മരണപ്പെട്ടാൽ അടക്കം ചെയ്യാൻ സ്ഥലമില്ലെന്നത് നൂറ് കണക്കിന് കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നു. പഞ്ചായത്തത്തിൽ പൊതുശ്‌മശാനം ഇല്ലാത്തതിനാൽ ദൂരസ്ഥലത്ത് കൊണ്ട് പോകേണ്ട അവസ്ഥയിലാണ്.

സ്ഥലം ലഭിച്ചാൽ മംഗലപുരം ഗ്രാമപഞ്ചായത്തിൽ ആധുനിക രീതിയിലുള്ള പൊതുശ്മശാനം നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കും. ഇതിനായി പഞ്ചായത്ത് ഫണ്ടും മറ്റ് ഫണ്ടുകൾ കണ്ടെത്തും. സ്ഥലം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരിനെയും സ്വകാര്യ കമ്പനികളെയും വ്യക്തികളെയും സമീപിച്ചിട്ടുണ്ട്.
സുമ ഇടവിളാകം, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്