fla

കിളിമാനൂർ: റോഡിന്റെയും, തോടിന്റെയും അശാസ്ത്രീയമായ നിർമ്മാണം കാരണം കീഴ്‌പേരൂർ ഏലായിലെ ഹെക്ടർ കണക്കിന് നെൽകൃഷി വെള്ളം കയറി നശിച്ചു. കൊയ്യാൻ പാകമായ ഏലായിലെ നെൽകൃഷിയാണ് തുടർച്ചയായി പെയ്ത കനത്ത മഴയിൽ വെള്ളം കയറി നശിച്ചത്. ഇതോടെ പണം പലിശക്കെടുത്തും കടം വാങ്ങിയുമൊക്കെ പാടത്ത് കൃഷിയിറക്കിയ കർഷർ ദുരിതത്തിലും വൻ കടത്തിലുമായി. നഗരൂർ പഞ്ചായത്തിൽ നെൽകൃ ഷിയുള്ള പാടശേഖരങ്ങളിൽ ഏറ്റവും മുന്നിലാണ് കീഴ്‌പേരൂർ ഏല. കീഴ്‌പേരുർ ആറ്റുപുറം - വെള്ളാപ്പള്ളി - കിഴക്കതിൽ വരെയുള്ള തെക്കുംഭാഗം ഏലായിൽ 25 ഏക്കറിലും, കീഴ്‌പേരൂർ-കൊല്ലംവിളാകം ഏലായിൽ 25 ഏക്കറിലുമാണ് നെൽ കൃഷിയുള്ളത്. തെക്കുംഭാഗം ഏലായിലെ പാടശേഖരങ്ങൾ കൊയ്തെങ്കിലും കൊല്ലംവിളാകം ഏലയിൽ കൊയ്യാൻ പാകമായിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയിൽ കീഴ്‌പേരൂർ ഏലാ തോട് കര കവിഞ്ഞ് മേഖലയിലെ വയലുകൾ പൂർണമായും വെള്ളത്തിലായത്.