നിർമ്മാണങ്ങൾക്ക് വിലക്ക്
50 വർഷത്തെ മുൻകാല പ്രാബല്യം
തിരുവനന്തപുരം: സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന വനഭൂമി വില്ക്കുന്നതും അതിലെ മരങ്ങൾ മുറിക്കുന്നതും തടയാനുള്ള നിയമം സഭയുടെ നടപ്പ് സമ്മേളനത്തിൽ പാസാക്കും. അമ്പതു വർഷത്തെ മുൻകാല പ്രാബല്യം നൽകിയിരിക്കുന്നതിനാൽ കോടതി വിധികളിലൂടെ വ്യക്തികൾ സ്വന്തമാക്കിയ വനഭൂമി തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വന ഭൂമിയിൽ സ്ഥിരമായ നിർമ്മാണ പ്രവൃത്തി അനുവദിക്കില്ല.
സ്വകാര്യവ്യക്തികൾ കൈവശം വച്ചിരുന്ന ഭൂമിയിൽ നിന്നു വ്യാപകമായി മരംമുറിച്ചു കടത്തിയ സംഭവം വിവാദ വിഷയമായി നിലനിൽക്കുന്ന സാഹചര്യത്തിൽ വനം വകുപ്പ് കൊണ്ടു വരുന്ന നിയമഭേദഗതിക്ക് പ്രധാന്യമേറെയാണ്.
1973ലെ നിഷിപ്ത വനഭൂമി ഏറ്റെടുക്കലും സംരക്ഷണവും നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം നിയമസഭയിൽ അവതരിപ്പിക്കുക.
വനഭൂമിയുടെ പൂർണാവകാശം അത് കൈവശം വച്ചിരിക്കുന്നവർക്ക് വേണമെന്നത് സംബന്ധിച്ച് തൊള്ളായിരത്തോളം കേസുകൾ വിവിധ കോടതികളിലുണ്ട്. സ്വകാര്യ വനഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചു കടത്തുന്നുണ്ട്.
2020ൽ കൊണ്ടുവന്ന ഓർഡിനൻസിന്റെ ചുവടുപിടിച്ചാണ് ബില്ല് നിയമസഭയിൽ വരുന്നത്. അന്ന് റവന്യൂ വകുപ്പും വനം വകുപ്പും സി.പി.ഐ ആണ് കൈകാര്യം ചെയ്തരുന്നത്. ഇപ്പോൾ വനം വകുപ്പ് എൻ.സി.പിക്കാണ്.
ഭൂഉടമകളുടെ കൈവശമുള്ളത് വനഭൂമിയാണെങ്കിലും അതിൽ പിന്നീട് നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ ഉടമകൾക്ക് അവകാശമുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.
കൈയ്ക്കലാക്കിയത്
1900 ഹെക്ടർ വനഭൂമി
ഭൂപരിഷ്കരണ നിയമത്തിനുശേഷം 1900 ഹെക്ടർ വനഭൂമിയാണ് സ്വകാര്യ വ്യക്തികൾ കൈയ്ക്കലാക്കുകയും വിവിധ ട്രൈബ്യൂണൽ വിധികളിലൂടെ സ്വന്തമാക്കുകയും ചെയ്തത്. പാലക്കാട്, വയനാട് ജില്ലകളിലാണ് ഇവ. സംസ്ഥാനത്ത് ആകെ പതിനായിരം ഹെക്ടറിലേറെ വനഭൂമി സ്വകാര്യവ്യക്തികളുടെ കൈവശമുണ്ട്.ഇവ പുതിയ നിയമത്തിന്റെ പരിധിയിൽ വരും.
ഇരു പക്ഷത്തും
എതിർപ്പുയരാം
ഭുഉടമകളെയെല്ലാം കർഷകരെന്ന ഗണത്തിൽപ്പെടുത്തിയാണ് രാഷ്ട്രീയ കക്ഷികൾ ഈ വിഷയത്തെ സമീപിച്ചിട്ടുള്ളത്.സ്വകാര്യ വനഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള അവകാശം തടയുന്നതിൽ എതിർപ്പുമായി ഭരണ, പ്രതിപക്ഷ കക്ഷികൾ രംഗത്തു വരാം.
എന്നാൽ, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും വന്യ ജീവികൾ വൻതോതിൽ നാട്ടിലേക്കിറങ്ങുന്ന സാഹചര്യവുമുള്ളതിനാൽ, സ്വകാര്യ വനഭൂമിയും സംരക്ഷിക്കപ്പെടണമെന്ന വാദം ശക്തമാണ്.