sthalam-kadumoodiya-nilay

കല്ലമ്പലം: സ്ഥലമേറ്റെടുത്ത് നാൽപ്പത് വർഷം പിന്നിട്ടിട്ടും നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറി എന്ന സ്വപ്നം ഇനിയും അകലെ. നിർമ്മാണം ഉടൻ എന്ന് രാഷ്ട്രീയക്കാർ പറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടതോടെ ജനങ്ങൾ നിരാശയിലാണ്. 1980ലാണ് നാവായിക്കുളം പഞ്ചായത്തിലെ വെള്ളൂർകോണം ജമാഅത്ത് പള്ളിക്ക് സമീപം നാവായിക്കുളം-പള്ളിക്കൽ റോഡിൽ ഇ.എസ്.ഐ ഡിസ്‌പെൻസറിക്കായി സ്ഥലം ഏറ്റെടുത്തത്. ഈ രണ്ടേക്കറാണ് ഇഴജന്തുക്കളുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമായി മാറിയത്. 2014ൽ അന്നത്തെ കേന്ദ്ര തൊഴിൽമന്ത്രിയായിരുന്ന കൊടിക്കുന്നിൽ സുരേഷ് അനാച്ഛാദനം ചെയ്ത ശിലാഫലകമാകട്ടെ കാടുമൂടി തിരിച്ചറിയാനാകാത്ത അവസ്ഥയിലുമായി. എല്ലാ തിരഞ്ഞെടുപ്പിലും രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഡിസ്പെൻസറി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തും. എന്നാൽ പിന്നീട് ഇതിനെ സൗകര്യപൂർവം വിസ്മരിക്കും.

ശിലയിട്ടിട്ട് ഏഴ് വർഷം

2008ൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് നാല് കോടി രൂപ ചെലവിലുള്ള കെട്ടിടം നിർമ്മിക്കാനായി അനുമതി നൽകിയിരുന്നതാണ്. പിന്നീട് കുറച്ചുനാൾ ഫയലിലുറങ്ങിയ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നത് 2014ലാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പുതിയ കരാറുകാരൻ നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ശിലാഫലകം സ്ഥാപിക്കുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങളൊന്നും നടന്നില്ല. വർഷം ഏഴ് കഴി‌ഞ്ഞിട്ടും കെട്ടിടത്തിന്റെ പ്രാരംഭ ജോലികൾ പോലും ആരംഭിക്കാത്തതാണ് ഏറെ വിചിത്രം.

നിലവിൽ വാടകയ്ക്ക്

പതിനഞ്ചോളം കശുഅണ്ടി ഫാക്ടറികളാണ് നാവായിക്കുളം പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. ഇവരാണ് പ്രധാനമായും വാടകക്കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഡിസ്പെൻസറിയെ ആശ്രയിക്കുന്നത്. അസൗകര്യങ്ങളുടെ നടുവിലുള്ള ഈ കെട്ടിടത്തിൽ ഗുണഭോക്താക്കളും ഉദ്യോഗസ്ഥരും ഒരുപോലെ പ്രയാസമനുഭവിക്കുന്നുണ്ട്. നാൽപ്പത് വർഷമായി കെട്ടിട നിർമ്മാണം നടക്കാത്തതിനാൽ ഡിസ്പെൻസറിക്കായി ഏറ്റെടുത്ത ഭൂമിയിൽ

ഭൂരഹിതർക്കും ഭവനരഹിതർക്കും പാർപ്പിട സമുച്ചയം നിർമ്മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇഴജന്തുക്കളുടെ താവളം

കുറ്റിക്കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞ ഭൂമി ഇന്ന് ഇഴജന്തുക്കളുടെ കേന്ദ്രമാണ്. നാട്ടുകാർക്ക് മാലിന്യം വലിച്ചെറിയാൻ ഉള്ള സ്ഥലമായി ഇവിടം മാറി.

നാവായിക്കുളത്തിന്റെ കണ്ണായ സ്ഥലത്ത് കോടികൾ വിലമതിക്കുന്ന സ്ഥലമാണ് ഇത്തരത്തിൽ ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നത്. ഇവിടെ ഇ.എസ്.ഐ ഡിസ്പെൻസറി ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ്‌ മെമ്പർ എ. ഷജീന അടൂർ പ്രകാശ് എം.പിക്കും സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്കും കഴിഞ്ഞദിവസം നിവേദനം നൽകി.