car-brocken

സംഭവം തമ്പാനൂർ റെയിൽവേ സ്റ്രേഷൻ പരിസരത്ത്

 പ്രതി ലഹരിയ്‌‌ക്ക് അടിമയെന്ന് പൊലീസ്

കുടുങ്ങിയത് നഷ്ടപ്പെട്ട പേഴ്സിലെ വിവരങ്ങളിൽ നിന്ന്

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് നിറുത്തിയിട്ടിരുന്ന 19 കാറുകൾ കല്ലുകൊണ്ട് ഇടിച്ചു തകർത്ത ലഹരിക്ക് അടിമയായ പതിനെട്ടുകാരനെ റെയിൽവേ പൊലീസ് പിടികൂടി. പൂജപ്പുര ആറാമട സ്വദേശിയും ചിത്രകാരനുമായ എബ്രഹാം വി. ജോഷ്വായെ ആണ് റെയിൽവെ പൊലീസ് വീട്ടിൽ നിന്ന് പിടികൂടിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.ലഹരി കിട്ടാതെ വന്നപ്പോഴുള്ള മാനസികാവസ്ഥയിലായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാനായി ഇയാളുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ശനിയാഴ്ച ഉച്ചയോടെ വീട്ടുകാരുമായി വഴക്കിട്ട് ഇറങ്ങിയ എബ്രഹാം വിവിധയിടങ്ങൾ കറങ്ങിയ ശേഷം രാത്രി പത്തുമണിയോടെ റെയിൽവെ പാർക്കിംഗ് സ്ഥലത്ത് എത്തുകയും ഇവിടെ നിറുത്തിയിട്ടിരുന്ന കാറുകൾ കല്ലുകൊണ്ട് ഇടിച്ച് തകർക്കുകയുമായിരുന്നു. ഇന്നലെ പുലർച്ചെ കാറുകൾ തിരികെയെടുക്കാൻ ഉടമസ്ഥർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മിക്ക കാറുകളുടേയും വിൻഡോ ഗ്ലാസുകളാണ് തകർത്തത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒരാൾ മാത്രമാണ് അക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞത്.

കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കർ ഉൾപ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

പേ ആൻ‌ഡ് പാർക്കിലെ ജീവനക്കാർ നടത്തിയ തെരച്ചിലിൽ ഇയാളുടെ ആധാ‌ർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ അടങ്ങിയ പേഴ്സ് തകർന്ന കാറുകൾക്ക് സമീപത്ത് നിന്ന് ലഭിച്ചു. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പേഴ്‌സ് ജീവനക്കാർ പൊലീസിന് കൈമാറി. തുടർന്ന് റെയിൽവെ പൊലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറുകളിൽ നിന്ന് കൂളിംഗ് ഗ്ലാസുകൾ, മൊബൈൽ ചാർജറുകൾ, കാർ വാഷ് തുടങ്ങിയവ നഷ്ടമായിട്ടുണ്ട്. 10 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മറ്റു പരാതികൾ കൂടി ലഭിച്ചാൽ മാത്രമേ മോഷണം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുവെന്ന് പൊലീസ് അറിയിച്ചു. ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണം തേടി അതിക്രമം നടത്തിയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എം.ഡി.എം.എ അടക്കം ഇയാൾ ഉപയോഗിക്കാറുണ്ടെന്നും പിടികൂടുമ്പോഴും ലഹരി ലഭിക്കാത്തതിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.