തിരുവനന്തപുരം: നഗരസഭയുടെ നേമം സോണൽ ഓഫീസിൽ നടന്ന നികുതി തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കേസിലെ ഒന്നാം പ്രതിയായ കാഷ്യർ സുനിതയുടെ പരാതി പുറത്ത്. ക്രമക്കേടിന്റെ സൂചന ലഭിച്ചപ്പോൾ തന്നെ സുനിത നഗരസഭാ സെക്രട്ടറിക്ക് നൽകിയ പരാതിയാണ് പുറത്തു വന്നിരിക്കുന്നത്. നേമം ഓഫീസിലെ സൂപ്രണ്ടും കേസിലെ രണ്ടാം പ്രതിയുമായ ശാന്തിക്കെതിരെയാണ് സെപ്തംബർ 20ന് സുനിത നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയത്. സെപ്തംബർ 14 മുതലാണ് നേമത്ത് ഓഡിറ്റ് നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തത്.
കാഷ്യറാണ് ബാങ്കിൽ പണം അടയ്ക്കേണ്ടതെങ്കിലും ഓഫീസ് സൂപ്രണ്ട് വൗച്ചറും പണവും പലരേയും ഏൽപ്പിക്കുന്നതായി ശാന്തിയുടെ പരാതിയിൽ പറയുന്നു. ഓഫീസ് അസിസ്റ്റന്റുമാർ, ഡ്രൈവർമാർ, യു.ഡി ക്ളാർക്കുമാർ, ബിൽ കളക്ടർമാർ എന്നിവരാണ് പണം ബാങ്കിലടയ്ക്കാൻ കൊണ്ടുപോകുന്നത്. സൂപ്രണ്ട് തന്നോട് പണം തിട്ടപ്പെടുത്തി ഏൽപ്പിക്കാൻ മാത്രം പറയും. അത് കഴിഞ്ഞ് മറ്റാരെങ്കിലുമാണ് പണം കൊണ്ടുപോയി അടയ്ക്കുന്നത്. ഇതിനെതിരെ വിജിലൻസ്, പൊലീസ് അന്വേഷണം വേണമെന്നും സുനിത പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
പരാതി നൽകിയ അന്നുതന്നെ നേമത്ത് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തുകയും 22ന് സുനിതയേയും സൂപ്രണ്ട് ശാന്തിയേയും നഗരസഭ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. സോണൽ ഓഫീസുകളിൽ കളക്ട് ചെയ്യുന്ന പണം ബാങ്കിലടയ്ക്കാനുള്ള ചുമതല കാഷ്യറിനാണ്. കാഷ്യറുടെ അഭാവത്തിൽ മറ്റാരെങ്കിലും പണം കൊണ്ടുപോയാൽ അത് രേഖപ്പെടുത്തണം എന്നാണ് നിയമം. എന്നാൽ നേമത്ത് ഇത് ഉണ്ടായിട്ടില്ല. ഇതിനിടെ പരാതി നൽകിയതിന്റെ പേരിൽ സുനിതയെ ബലിയാടാക്കി രണ്ടാം പ്രതിയായ സൂപ്രണ്ട് ശാന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
തെളിവില്ല, നടപടിയെടുക്കാൻ സാധിക്കില്ല: നഗരസഭ
ഏൽപ്പിച്ച പണം ബാങ്കിലടയ്ക്കാത്ത നാല് ബിൽ കളക്ടർമാർ, മൂന്ന് ഓഫീസ് അസിസ്റ്റന്റുമാർ, രണ്ട് യു.ഡി ക്ളാർക്കുമാർ, ഒരു ഡ്രൈവർ, ഒരു ലൈബ്രേറിയൻ എന്നിവരുടെ പേരും സുനിതയുടെ പരാതിയിലുണ്ട്. ഇവർ പണമടയ്ക്കാൻ കൊണ്ടുപോയെന്ന് നഗരസഭാ അധികൃതർക്ക് മനസിലായിട്ടുള്ള കാര്യമാണ്. എന്നാൽ കാഷ്യറല്ലാതെ മറ്റുള്ളവർ പണമടയ്ക്കാൻ പോയതിന് തെളിവില്ലെന്നും അതിനാലാണ് അവർക്കെതിരെ നടപടി എടുക്കാത്തതെന്നുമാണ് നഗരസഭയുടെ വിശദീകരണം. പരാതിയിലുള്ള ഒരു ഓഫീസ് അറ്റൻഡർക്കെതിരെ 2018ലും സമാനമായ ആരോപണമുണ്ടായിരുന്നു.
സൂക്ഷിച്ചത് വ്യാജ കൗണ്ടർഫോയിൽ
നേമത്ത് നികുതിപ്പണം തട്ടിയ ഉദ്യോഗസ്ഥർ പണം അടച്ചെന്ന പേരിൽ ബാങ്കിന്റെ സീലില്ലാത്ത വ്യാജ കൗണ്ടർ ഫോയിലാണ് സൂക്ഷിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 25 ദിവസത്തെ പണമാണ് നേമത്ത് നിന്ന് നഷ്ടപ്പെട്ടത്.
ഇതിനിടെ രണ്ടാം പ്രതി ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ ജില്ലാ കോടതി പരിഗണിക്കും. പ്രതികൾ രണ്ടുപേരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.