rajeef-khan

കല്ലമ്പലം: വീടിന്റെ സൺഷെയ്ഡ് വാർക്കുന്ന തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. മടവൂർ പഴുവടി പുത്തൻ വീട്ടിൽ റഫീജ് ഖാൻ (38)​ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 7നായിരുന്നു കേസിനാസ്പദമായ സംഭവം. മടവൂർ ചരുവിള പുത്തൻവീട്ടിൽ ഹരിക്ക് പഞ്ചയാത്തിൽ നിന്ന് അനുവദിച്ച വീടിന്റെ സൺഷെയ്ഡ് വാർക്കുന്നതിനിടയിൽ മദ്യപിച്ചെത്തിയ പ്രതി തന്റെ പുരയിടത്തിലേക്ക് ഷെയ്ഡ് ഇറങ്ങി നിൽക്കുന്നുവെന്ന് ആരോപിക്കുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് വീട്ടിൽ പോയ പ്രതി ഇരുമ്പ് പൈപ്പുമായി തിരികെ വരുകയും ഹരിയെ ആക്രമിക്കുകയും ചെയ്തു. ഇതുകണ്ട ഹരിയുടെ ബന്ധുവും നിർമ്മാണത്തൊഴിലാളിയുമായ സുനിൽ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ റഫീജ്ഖാൻ സുനിലിന്റെ തലയിൽ ഇരുമ്പ് പൈപ്പുകൊണ്ട് അടിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ് രക്തം വാർന്ന സുനിലിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ആക്രമണത്തിൽ ഹരിക്കും പരിക്കേറ്റു. സംഭവശേഷം ഒളിവിൽപോയ പ്രതിയെ പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

 ഫോട്ടോ: അറസ്റ്റിലായ റജീഫ് ഖാൻ