sabarimala

സോളാർ പ്ലാന്റിന് എട്ടര കോടി, നിർമ്മാണം ഉടൻ

നാല് കെട്ടിടങ്ങൾ പുതുക്കും

തിരുവനന്തപുരം: ശബരിമലയിൽ വൈദ്യുതി ഉത്പാദനത്തിന് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ഭക്തർ എട്ടര കോടി രൂപമുടക്കും. ഹൈദരബാദ് ആസ്ഥാനമായിട്ടുള്ള സ്വകാര്യ കമ്പനികൾ അടക്കമുള്ള നാല് സംഘമാണ് പണംമുടക്കാൻ രംഗത്തെത്തിയത്. ഇതിന്റെ നടപടികൾ ഏറെക്കുറെ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. സന്നിധാനത്ത് ഇൗ മാസം പ്ലാന്റിന്റെ നി‌ർമ്മാണം ആരംഭിക്കും.

ഹൈദരബാദ് ആസ്ഥാനമായുള്ള ഗ്രീൻകോ കമ്പനിയ്‌ക്കാണ് നി‌ർമ്മാണ ചുമതല. ഒരുവർഷത്തിനകം നി‌ർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം.സിയാലാണ് സാങ്കേതിക സഹായം നൽകുന്നത്. തീർത്ഥാടന സീസണിൽ പത്ത് കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. സോളാർ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ശബരിമലയ്ക്ക് ആവശ്യമായ വൈദ്യുതി പൂർണമായി സോളാർ പ്ലാന്റിലൂടെ ഉത്പാദിപ്പിക്കാനാകും. സന്നിധാനത്തെ ഏഴ് കെട്ടിടങ്ങളിലായിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

ശബരിമലയിലെ മറ്ര് വികസന പദ്ധതികൾക്കും വിവിധയിടങ്ങളിലെ അയ്യപ്പഭക്തർ പണംമുടക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലുള്ള അയ്യപ്പ ഭക്തരുമായി ഇൗ മാസം അവസാനം ദേവസ്വം ബോർഡ് അധികൃതർ ചർച്ചനടത്തും.

സന്നിധാനത്ത് തീർത്ഥാടകർ താമസിക്കുന്ന നാല് കെട്ടിടങ്ങൾ പുതുക്കും. ഇതിനായി തെലങ്കാന ആസ്ഥാനമായ നിക്ഷേപകരുടെ സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. കെട്ടിടം ഓരോന്നിന് 2 മുതൽ അഞ്ചു കോടി രൂപവരെ മുടക്കിയാണ് നവീകരണം. ഇത്തവണത്തെ സീസൺ അവസാനിച്ചതിന് ശേഷമാകും നടപടികൾ ആരംഭിക്കുക.

പതിനെട്ടാംപടിക്ക് ഓട്ടോമാറ്റിക്ക് മേൽക്കൂര

പതിനെട്ടാംപടിക്ക് ഓട്ടോമാറ്റിക്ക് മേൽക്കൂര നിർമ്മിക്കാൻ 50ലക്ഷം രൂപയാണ് തെലങ്കാനയിലുള്ള ഭക്തൻ വാഗ്ദാനം ചെയ്‌തിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്ന തരത്തിലാണ് നിർമ്മിക്കുക. നേരത്തെയുണ്ടായിരുന്നത് ദേവപ്രശ്നത്തെ തുടർന്ന് പൊളിച്ച് മാറ്റിയിരുന്നു.