നെയ്യാറ്റിൻകര: ജലഅതോറിട്ടി കിഫ്ബിയുടെ സഹായത്തോടെ അതിയന്നൂർ, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകൾക്കായി നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണപദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെയും 15 എം.എൽ.ഡി ജലശുദ്ധീകരണ ശാലയുടെയും നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നെയ്യാറിലെ പിരായുംമൂട് പാലത്തിന് സമീപത്ത് നിന്ന് വെള്ളം ശേഖരിച്ച് അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നിർമിക്കുന്ന ജല ശുദ്ധീകരണ ശാലയിലെത്തിച്ച് അതിയന്നൂർ, കോട്ടുകാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, എം. വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.