തിരുവനന്തപുരം: രാജ്യത്ത് കൽക്കരിക്ഷാമം രൂക്ഷമായതോടെ ഉണ്ടായ വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് കൂടിയ വിലയ്ക്ക് കേരളം വാങ്ങുന്ന വൈദ്യുതിയുടെ ഭാരം സർച്ചാർജിന്റെ രൂപത്തിൽ പിന്നീട് ഉപഭോക്താവിൽതന്നെ എത്തിച്ചേരും. സാധാരണ പുറത്തുനിന്നും യൂണിറ്രിന് 6.50 രൂപ നിരക്കിൽ വാങ്ങുന്ന വൈദ്യുതി ശനിയാഴ്ച (പീക്ക് സമയത്ത്) വാങ്ങിയത് 18 രൂപയ്ക്കാണ്. ഇത്തരത്തിൽ വൈദ്യുതി ബോർഡിനുണ്ടാകുന്ന അധികച്ചെലവാണ് പീന്നീട് സർച്ചാർജായി ഉപഭോക്താക്കളിൽ നിന്ന് ഇടാക്കുക. കൊവിഡിന് മുമ്പ് ഇത്തരത്തിൽ സർച്ചാർജ് ഈടാക്കിയ സന്ദർഭങ്ങളുണ്ടായിരുന്നു.
പ്രതിസന്ധി ഒഴിവാക്കാൻ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് പോംവഴിയെന്ന് വൈദ്യുതി ബോർഡ് പറയുന്നു. പ്രത്യേകിച്ച് പീക്ക് സമയമായ വൈകിട്ട് ആറ് മുതൽ 10 വരെ. കേന്ദ്രവിഹിതം കുറഞ്ഞാൽ സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാകും. ഒരാഴ്ചകൂടി പ്രതിസന്ധി നീണ്ടാൽ പവർകട്ട് ഏർപ്പെടുത്തേണ്ടിവരും എന്നതുൾപ്പെടെയുള്ള മുന്നറിയിപ്പ് വരുന്നത് ഈ സാഹചര്യത്തിലാണ്.
മഴക്കാലമായതിനാൽ ഇപ്പോൾ വൈദ്യുതി ഉപഭോഗം അല്പം കുറഞ്ഞുനിൽക്കുന്നതാണ് കേരളത്തിന് ആശ്വാസം. വേനൽക്കാലത്ത് സംസ്ഥാനത്ത് 83 ദശലക്ഷത്തിലധികം യൂണിറ്റിലേക്ക് കടക്കുന്ന വൈദ്യുതി ഉപഭോഗം മഴക്കാലത്ത് 72 ദശലക്ഷത്തിലേക്കും അതിന് താഴേക്കും എത്താറുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചത്തെ ഉപഭോഗം ഉപഭോഗം 72.23 ദശലക്ഷം യൂണിറ്റായിരുന്നു.