erappil

വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് ഇരപ്പിൽ നിന്നും ആനപ്പെട്ടി, പരപ്പാറ വഴി മരുതുംമൂട്ടിലേക്കുള്ള റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. തൊളിക്കോട്, വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. റോഡിന്റെ മിക്ക ഭാഗത്തും കുഴികൾ നിറഞ്ഞുകഴിഞ്ഞു. ചിലയിടങ്ങളിൽ റോഡ് രണ്ടായി മുറിഞ്ഞു. റോഡിന്റെ മിക്ക ഭാഗത്തും ഓടയില്ലാത്തതിനാൽ മഴക്കാലത്ത് ഇവിടം വെള്ളത്തിൽ മുങ്ങും. കുഴികലിലും വെള്ളക്കെട്ടിലും വീണ് അപകടങ്ങൾ ഇവിടെ തുടർക്കഥയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. റോഡിന്റെ തകർച്ച കാരണം ഇതുവഴിയുള്ള ബസ് സർവീസുകളും വഴിയിലാവുക പതിവാണ്. പരിതാപകരമായ റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിവേദനങ്ങൾ നിരവധി നൽകിയെങ്കിലും ഫലം കണ്ടില്ല. റോഡ് പൂർണമായും ടാർ ചെയ്തിട്ട് പത്ത് വർഷത്തോളമായി. അഞ്ച് വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടപ്പോഴേക്കും റോഡ് പഴയപടിയായി. റോഡിന്റെ അറ്റകുറ്റപണികൾ നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും നാട്ടുകാർ നിരവധി പ്രാവശ്യം നിവേദനം നൽകിയിരുന്നു. ആര്യനാട്, നെടുമങ്ങാട്, പാലോട്, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. ഇരപ്പിൽ മുതൽ മരുതുംമൂട് വരെയുള്ള നാല് കിലോമീറ്റർ ദൂരം വരെയാണ് റോഡ് തകർന്നുകിടക്കുന്നത്. മഴക്കാലമായതോടെ ആനപ്പെട്ടി റോഡിലൂടെയുള്ള യാത്ര അതീവദുഷ്ക്കരമായി മാറി.

റോഡ് കൈയേറ്റവും

ഈ റോഡിൽ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നതായും ആക്ഷേപമുണ്ട്. ഇതുകാരണം റോഡിന്റെ വീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കൂടിയാകുമ്പോൾ കാൽനടയാത്ര പോലും ദുസഹമാണ്. റോഡിലെ കുഴികൾ നാട്ടുകാർ കല്ലും മണ്ണും ഉപയോഗിച്ച് നികത്തിയെങ്കിലും മഴപെയ്യുന്നതോടെ അത് ഒലിച്ച് പോകും. റോഡിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ അനവധി തവണ സമരങ്ങൾ നടത്തിയിട്ടുണ്ട്. എങ്കിലും ശാശ്വത പരിഹാരം കാണാൻ ആരും മിനക്കെട്ടിട്ടില്ല.

വാഴനട്ട് പ്രിഷേധിച്ചു

അപകടങ്ങൾ തുടർക്കഥയായി മാറിയ ഇരപ്പിൽ-ആനപ്പെട്ടി-പരപ്പാറ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധസമരം നടത്തി.കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ, പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം, ഷൈലജാ ആർ.നായർ, ബി.മോഹനൻനായർ, എസ്.അജികുമാർ, തൊളിക്കോട് ഷാൻ, അശോകൻ, സി.ബിനു, എസ്.മോഹനൻ, ഷൈൻ പുളിമൂട്, അഖിൽ, രഘുനാഥൻനായർ, എ. അരുൺ, റസിയ, വിദ്യ,കബീർ, സുധാകരൻ, സതീശൻനായർ എന്നിവർ പങ്കെടുത്തു.