oct10a

ആറ്റിങ്ങൽ: ദേശീയപാതയിലെ പ്രധാന ജംഗ്ഷൻ, ആറ്റിങ്ങൽ നഗരസഭയിലെ പ്രമുഖ വാണിജ്യകേന്ദ്രം, തീരദേശത്തെയും മലയോരമേഖലയേയും ബന്ധിപ്പിക്കുന്ന സ്ഥലം എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും ആലംകോടിന് കൈമുതൽ അവഗണനമാത്രം. മാറിമാറിവരുന്ന സർക്കാരുകൾ ജംഗ്ഷനോട് മുഖംതിരിച്ചതോടെ ജനങ്ങൾ വീർപ്പുമുട്ടുകയാണ്. വീതികുറഞ്ഞ റോഡിനെ വലയ്ക്കുന്ന പ്രധാനപ്രശ്നം അഴിക്കുംതോറും മുറുകുന്ന ഗതാഗതക്കുരുക്കാണ്. പ്രധാന വാണിജ്യ കേന്ദ്രമാണെങ്കിലും വാഹന പാർക്കിംഗിന് സ്ഥലമില്ലാത്തതാണ് മറ്റൊരു തലവേദന. രണ്ട് പ്രശ്നങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ശ്വാസംമുട്ടുന്ന അവസ്ഥയാണ് ടൗണിൽ.

കടയ്ക്കാവൂർ - അഞ്ചുതെങ്ങ് റോഡും കിളിമാനൂർ റോഡും ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനാണ് ആലംകോട്. ഇവിടെ റോഡിന് വീതി നന്നേകുറവാണ്. ഇതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിന് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും വിചാരിച്ച ഫലംകണ്ടില്ല. ജംഗ്ഷനിലോ സമീപസ്ഥലങ്ങളിലോ പാർക്കിംഗ് സൗകര്യം ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവർ റോഡിനരികിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുമാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണമാണ്. ഇവിടെ എത്തുന്നവർക്ക് ഉപയോഗിക്കാൻ പൊതുടോയ്‌ലെറ്റ് ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം.

തിരക്കേറിയ ജംഗ്ഷൻ

ടാക്സി,​ ഓട്ടോറിക്ഷാ,​ ടെമ്പോ,​ പിക്കപ്പ് എന്നിവയുടെ സ്റ്റാൻഡുകൾ ജംഗ്ഷനിലാണ് പ്രവർത്തിക്കുന്നത്. ഇതും ഇവിടുത്തെ തിരക്ക് വർദ്ധിപ്പിക്കുന്നു. പ്രധാന ജംഗ്ഷനായതിനാൽ വിവിധ ബാങ്കുകളുടെയെല്ലാം ശാഖകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ജംഗ്ഷനു സമീപം തന്നെയാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളും എൽ.പി സ്കൂളും പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നത്. ഇതും തിരക്ക് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമാണ്.

മത്സ്യ മൊത്തവ്യാപാര കേന്ദ്രം

ജില്ലയിലെ പ്രധാന മത്സ്യ മൊത്ത വ്യാപാരകേന്ദ്രമാണ് ആലംകോട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് മത്സ്യം എത്തിക്കുന്നുണ്ട്. പുലർച്ചെ മൂന്ന് മുതൽ ഇവിടെ മത്സ്യവില്പനയുടെ തിരക്ക് ആരംഭിക്കും. എന്നാൽ വ്യാപാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. മാലിന്യനീക്കത്തിന് സൗകര്യമില്ലാത്തതും മറ്റൊരു പ്രശ്നമാണ്. മാർക്കറ്റിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നതും ജംഗ്ഷനിലെ ഓടയിലേക്കാണ്. ജംഗ്ഷനിലെ തെരുവു വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും കത്താത്തതും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു.

മഴ പെയ്താൽ വെള്ളക്കെട്ടും

ചെറിയൊരു മഴപെയ്താൽ പോലെ ജംഗ്ഷനിൽ കടുത്ത വെള്ളക്കെട്ടാണ്. ഇവിടെ ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിയെത്തുന്നത് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കാണ്. ഒരു മാസത്തിനു മുമ്പുണ്ടായ ശക്തമായ മഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളംകയറി ലക്ഷങ്ങളുടെ സാധനങ്ങളാണ് നശിച്ചത്.