തിരുവനന്തപുരം: നികുതി വെട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാൻ നഗരസഭയിലെ ഒരു മുൻ മേയറും ശ്രമിക്കുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുൻ മേയർ രാത്രി കാലങ്ങളിൽ നഗരസഭയിലെത്തി ആസൂത്രിതമായാണ് ഇതിന് ശ്രമിക്കുന്നത്. വീട്ടുകരം തട്ടിപ്പിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടുന്നതിനായി നഗരസഭയും പൊലീസും ഒത്തുകളിക്കുന്നു. പ്രതിയായ നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിയുടെ മുൻകൂർ ജാമ്യഹർജി വന്നപ്പോൾ യാതൊരുവിധ തടസവാദവും ഉന്നയിക്കാൻ നഗരസഭ തയ്യാറായില്ല. കേസുകൊടുക്കാൻ കാലതാമസം വരുത്തുകമാത്രമല്ല അറസ്റ്റുചെയ്യാതെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള അവസരവും നൽകി. ഇപ്പോൾ മുൻകൂർ ജാമ്യത്തിനും ഒത്താശ ചെയ്യുന്നു.
ശാന്തിയുൾപ്പെടെയുള്ള പ്രതികൾക്ക് ചൊവ്വാഴ്ച ജാമ്യം കിട്ടുന്നുവെങ്കിൽ അതിന് ഒത്താശ ചെയ്ത നഗരസഭയും പൊലീസുമായിരിക്കും പൂർണ ഉത്തരവാദികൾ. കൃത്യമായ അന്വേഷണം നടന്നാൽ പഴയ പല മേയർമാരും പ്രതികളായേക്കും.13ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. 18ന് ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളൊഴികെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും ധർണ നടത്തും. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളിൽ സമയബന്ധിതമായി കുടിശികക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുമെന്നും വി.വി. രാജേഷ് അറിയിച്ചു.