മലയിൻകീഴ്: കെ.എ.എസ് പരീക്ഷയിൽ നാലാം റാങ്ക് ലഭിച്ചതിന്റെ തിളക്കത്തിലാണ് അന്തിയൂർക്കോണം ജ്യോതിസിൽ ലിപുവിന്റെ കുടുംബം. ഓഡിറ്റ് ഡിപ്പാർട്ട്മെന്റിൽ ക്ലാർക്കായ ലിപു ജോലിക്കിടയിലും പഠനത്തിന് സമയം കണ്ടെത്തിയിരുന്നു. മൂന്നുപ്രാവശ്യം സിവിൽ സർവീസ് അഭിമുഖത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്തിയൂർക്കോണം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽക്ക് സിവിൽ സർവീസ് നേടണമെന്ന് ലിപു ആഗ്രഹിച്ചിരുന്നു. 2012ൽ ആരോഗ്യവകുപ്പിൽ ലോവർ ഡിവിഷൻ ക്ലാർക്കായിട്ടായിരുന്നു സർക്കാർ സേവന രംഗത്ത് എത്തുന്നത്. സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദത്തിലാണ് ലിപു. കഴിഞ്ഞ ദിവസം ഐ.ബി. സതീഷ് എം.എൽ.എ ഉൾപ്പെടെ വിവിധ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ളവർ ലിപുവിന്റെ വീട്ടിലെത്തി അനുമോദിച്ചിരുന്നു. സർവേ ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ച ഡി. ലോറൻസും റിട്ട. അദ്ധ്യാപിക ജെ.ഡി. സുശീലാബായിയുമാണ് ലിപുവിന്റെ മാതാപിതാക്കൾ. സഹോദരി ലിമാ എസ്. ലോറൻസ് (ഗവേഷണ വിദ്യാർത്ഥി).