തിരുവനന്തപുരം: മുൻ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണനെ വർക്ക് ഷോപ്പ് ഉദ്ഘാടനച്ചടങ്ങിനായി താൻ നേരിട്ട് പോയി ക്ഷണിക്കുകയായിരുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ പറഞ്ഞു.വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചത്, സ്വർണം കടത്തിയിട്ടുണ്ടോ ഇല്ലയോയെന്ന് പറയുന്നില്ല. നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളിൽ അറിയാം. വീട്ടിൽ നിന്നും എടുത്ത സാധനങ്ങൾ സ്വർണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയിൽ തെളിയിക്കട്ടെയെന്നും സന്ദീപ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
സ്വപ്ന സുരേഷിനെ പരിചയപ്പെട്ടത് സരിത് വഴിയാണ്. സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരിവിലേക്ക് പോയത്. സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ല. സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. മഹാരാഷ്ട്രയിലേക്ക് പോകാൻ ട്രാൻസിറ്റ് പാസ് എടുത്തിരുന്നു. സ്വപ്നയുമൊത്താണ് ശിവശങ്കറിനെ കണ്ടെതെന്നും അദ്ദേഹത്തെ നേരിട്ടറിയില്ലെന്നും സന്ദീപ് പറഞ്ഞു.
കസ്റ്റംസ് കേസിലും എൻഫോഴ്സ്‌മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായർ എൻ.ഐ.എ കേസിൽ മാപ്പുസാക്ഷിയാണ്.
കോഫെപോസ തടവ് അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന സന്ദീപ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.