തിരുവനന്തപുരം: തിരക്കും അപകടവും പതിവായ തിരുവല്ലം ബൈപ്പാസിൽ രണ്ടുവർഷം മുൻപ് പ്രഖ്യാപിച്ച സർവീസ് പാലത്തിന്റെ നിർമ്മാണം രണ്ടുമാസത്തിനകം ആരംഭിക്കുമെന്ന് ദേശീയപാതാ അതോറിട്ടി അറിയിച്ചു. പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കാനാവുമെന്ന് അധികൃതർ വ്യക്തമാക്കി. 10 കോടി രൂപ ചെലവിൽ 110 മീറ്റർ നീളത്തിലാണ് പാലം നി‌ർമ്മിക്കുന്നത്. പഴയ പാലം നിലനിറുത്തിയാകും നിർമ്മാണം. കോവളത്ത് നിന്ന് പഴയറോഡ് വഴി കിഴക്കേകോട്ട പോകുന്നതിനും ഈഞ്ചയ്ക്കൽ നിന്ന് ബൈപ്പാസ് വഴി കോവളത്തേക്ക് പോകുന്നതും പഴയ പി.ഡബ്ല്യു.ഡി പാലം വഴിയാണ്. കോവളത്തു നിന്ന് ബൈപാസ് വഴി വരുന്ന വാഹനങ്ങൾ കിഴക്കേകോട്ടയിലേക്ക് പോകാനും ഈ പാലത്തിലേക്ക് തിരിയേണ്ടിവരും. ഇങ്ങനെ നാലുവശത്തുനിന്നും വാഹനങ്ങൾ നേർക്കുനേരെ വരുന്ന സാഹചര്യം ഉള്ളതിനാലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ശരിയായ സിഗ്നൽ സംവിധാനം പോലും ഇല്ലാത്ത ഇവിടെ പോംവഴിയായി മറ്റൊരു പാലം എന്നത് കാലങ്ങളായുള്ള ആവശ്യമാണ്. പാലം വന്നാൽ ബൈപാസിൽ കയറാതെ സർവീസ് റോഡുവഴി നഗരത്തിലേക്ക് പ്രവേശിക്കാം. അപകടങ്ങൾ വർദ്ധിച്ചതോടെ 2019ൽ ആണ് ഇവിടെ സർവീസ് പാലം എന്ന ആശയം ദേശീയപാതാ അതോറിട്ടി മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷം പുതിയ പാലം നിർമ്മിക്കാനും തീരുമാനിച്ചു. എന്നാൽ വിവിധ കാരണങ്ങളാൽ നിർമ്മാണം നീളുകയായിരുന്നു. അപകടനിരക്ക് കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് നാറ്റ്പാക് നേരത്തെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

 എത്രയും പെട്ടെന്നുതന്നെ നിർമ്മാണം തുടങ്ങാൻ ശ്രമിക്കും. അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കുറച്ച് അനുമതികൾ കൂടി ലഭിക്കാനുണ്ട്.

ദേശീയപാതാ അതോറിട്ടി അധികൃതർ