general

വഴിയാത്രക്കാരടക്കം അഞ്ചുപേർക്ക് പരിക്ക്

ബാലരാമപുരം: സ്റ്റിയറിംഗ് വീൽ ലോക്കായതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് വൈദ്യൂതി തൂണിലും സ്മൃതിമണ്ഡപത്തിലും ഇടിച്ചുകയറി വഴിയാത്രക്കാരടക്കം അഞ്ചുപേർക്ക് പരിക്ക്. കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാലരാമപുരം തയ്ക്കാപള്ളി കല്ലമ്പലം സ്മൃതിമണ്ഡപത്തിന് സമീപം ഇന്നലെ രാവിലെ 10.50ഓടെയായിരുന്നു അപകടം. വഴിയാത്രക്കാരായ ആലുവിളപുത്തൻ വീട്ടിൽ ആനന്ദിന്റെ ഭാര്യ മഞ്ചു (28),​​ കാവുവിള സ്വദേശി രാജം (50)​, ബൈക്ക് യാത്രക്കാരനായ കാരക്കോണം മെഡിക്കൽ കോളേജിലെ ബയോ മെഡിക്കൽ വിഭാഗം ജീവനക്കാരൻ പാപ്പനംകോട് ചവനച്ചവിള അനുഗ്രഹയിൽ വിപിൻ (35),​ ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി അബ്ദുൾ സലാം (45)​,​ വനിതാ കണ്ടക്ടർ ഷൈനി (45)​ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന ഏഴോളം യാത്രക്കാർക്കും നിസാര പരിക്കേറ്രിട്ടുണ്ട്.

ഭർത്താവിനെ കാത്ത് റോഡരികിൽ നിൽക്കുമ്പോഴാണ് മഞ്ജുവിനെ ബസ് ഇടിച്ചുതെറിപ്പിച്ചത്. ഇവർക്ക് തലയിലും ദേഹത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് രാജത്തെ ബസിടിച്ചത്. ഈ സമയം തിരുവനന്തപുരത്തു നിന്ന് നെയ്യാറ്റിൻകരയിലേക്ക് ബൈക്കിൽ വരികയായിരുന്ന വിപിനും ബസിനടിയിൽപെട്ടു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ ആംബുലൻസിൽ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
ബസ് പോസ്റ്റിലിടിച്ചതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. സമീപത്തെ ട്രാൻസ്പോർമറിൽ ഇടിക്കാത്തതിനാൻ വൻ ദുരന്തമാണ് ഒഴിവായത്. കനത്ത ഇടിയിൽ വൈദ്യുതി പോസ്റ്റിന് സമീപത്ത് സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും മറിഞ്ഞുവീണു. റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗത സ്തംഭനവും ഉണ്ടായി. ഒന്നര മണിക്കൂറിന് ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

സ്ഥിരം അപകടമേഖല

അപകടമേഖലയായ തയ്ക്കാപള്ളി കല്ലമ്പലം വളവിൽ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇവിടെ അപകട സൂചനാ ബോർഡുകളോ സ്പീഡ് ബ്രേക്കറോ സ്ഥാപിക്കുന്നതിന് അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. അറ്റകുറ്റപ്പണി നടത്താത്ത ബസ് സർവീസിന് വിട്ട കെ.എസ്.ആർ.ടി.സി അധികൃതർക്കെതിരെയും നാട്ടുകാർ പ്രതിഷേധിച്ചു.

സംഭവമറിഞ്ഞ് അഡ്വ. എം.വിൻസെന്റ് എം.എൽ.എയും ബാലരാമപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു.