തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ പാർക്കിംഗ് ഏരിയയ്ക്ക് സമീപവും ചുറ്റുമുള്ള പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമെന്ന് പരാതി ഉയർന്നിട്ട് നാളുകളേറെയായി. പാർക്കിംഗ് ഏരിയയോട് ചേർന്നുള്ള പാലത്തിന് അടിയിൽ ലഹരിക്കച്ചവടം അടക്കമുള്ള പ്രവൃത്തികൾ ശക്തമാകുന്നുവെന്നും രാത്രി കാലങ്ങളിൽ സ്ത്രീകൾക്ക് ഇതുവഴി കടന്നു പോവാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം റെയിൽവേ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന 19 കാറുകൾ തല്ലിത്തകർത്ത സംഭവം നഗരത്തിൽ ഭീതിപടർത്തിയത്. സുരക്ഷിത സ്ഥലമെന്ന് കരുതി യാത്രക്കാർ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായത്. ഇത്രയും കാറുകൾ നശിപ്പിച്ചിട്ടും പാർക്കിംഗ് കരാർ കമ്പനി ജീവനക്കാർ ഇക്കാര്യം അറിഞ്ഞില്ലെന്നതാണ് ഏറെ ശ്രദ്ധേയം. മണിക്കൂറുകൾ അടിസ്ഥാനമാക്കി പാർക്കിംഗ് ഫീസ് ഈടാക്കിയാണ് വാഹനങ്ങൾ പാർക്കിംഗ് ഏരിയയിൽ സൂക്ഷിക്കുന്നത്. എന്നാൽ വാഹനങ്ങളിൽ നിന്ന് എന്തെങ്കിലും മോഷണം പോയാലോ കേടുപാടുണ്ടായാലോ കരാറുകാർ കൈമലർത്തുകയാണ് പതിവ്. ഇതിന് മുൻപും വാഹനങ്ങൾക്കുനേരെ ആക്രമണങ്ങളും മോഷണവും ഇവിടെയുണ്ടായിട്ടുണ്ട്. ഹെൽമറ്റ്, വാഹനങ്ങളുടെ സിഗ്നൽ ലെറ്റുകൾ, രേഖകൾ തുടങ്ങിയവ പലർക്കും നഷ്ടമായിട്ടുണ്ട്. അതേസമയം സുരക്ഷാപ്രശ്‌നങ്ങൾ നേരത്തെതന്നെ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നുവെന്നാണ് പാർക്കിംഗ് കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ വാദം. കഴിഞ്ഞ ദിവസം ശക്തമായ മഴ ഉണ്ടായിരുന്നതിനാലാണ് സംഭവം അറിയാതെ പോയതെന്നും അവർ വിശദീകരിച്ചു.

 നഷ്ടം ആര് നികത്തും?

പാർക്കിംഗ് ഏരിയയിലുണ്ടായ അക്രമത്തിൽ കാറുടമകൾക്കുണ്ടായത് കനത്ത നഷ്ടമാണ്. ഇവ ഉടമ തന്നെ നികത്തേണ്ടിവരുമെന്നാണ് വിവരം. വാഹനങ്ങൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ അത് ക്ലെയിം ചെയ്യുക മാത്രമാണ് ഏക വഴി. എങ്കിലും ചില കേടുപാടുകൾക്ക് മിക്ക കമ്പനികളും ക്ലെയിം നൽകില്ല. അതിനാൽ സ്വന്തം ചെലവിൽ കേടുപാടുകൾ പരിഹരിക്കേണ്ടി വരും. 19 കാറുകളുടെ വിൻഡോ ഗ്ലാസുകളും ഡാഷ് ബോർഡുകളുമാണ് തകർത്തത്. പൊലീസിൽ നൽകിയിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടി പ്രകാരം മോഷണശ്രമവും വാഹനം തല്ലി തകർത്ത കേസിലും നടപടി സ്വീകരിക്കുമെങ്കിലും നഷ്ടപരിഹാരം ലഭ്യമാകില്ല. റെയിൽവേയും കരാർ കമ്പനിയും ഉത്തരവാദിത്തം എറ്റെടുക്കാൻ സാദ്ധ്യതയില്ലാത്ത സ്ഥിതിക്ക് നഷ്ടം കാറുടമകൾക്ക് മാത്രമായിരിക്കും.