general

ബാലരാമപുരം: സംസ്ഥാനത്ത് പുതിയ ബസ്സുകൾ ഉടൻ സർവീസ് നടത്തുമെന്ന് പ്രഖ്യാപനമാവുന്നു. കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാലരാമപുരം തയ്ക്കാപള്ളി കല്ലമ്പലം സ്മൃതിമണ്ഡപത്തിന് സമീപം ഇന്നലെ രാവിലെ നടന്ന അപകടത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. യന്ത്രത്തകരാറ് പരിഹരിക്കാതെ പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയുയർത്തി കെ.എസ്.ആർ.ടി.സി പൊതുനിരത്തിൽ സർവീസ് നടത്തിയതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. അപകടത്തിൽപ്പെട്ട ബസ് ഇരുപതോളം മീറ്റർ അകലെ നിന്നും നിയന്ത്രണം വിട്ടാണ് പാഞ്ഞടുത്തത്. സ്റ്റിയറിംഗ് ലോക്ക് ആയി ബസ് നിയന്ത്രണം വിട്ടെന്നാണ് മെക്കാനിക്കൽ വിഭാഗം അറിയിച്ചിരിക്കുന്നത്. ആലുവിള ഇടറോ‌ഡിലേക്ക് കടന്നുപോകുന്ന ജംഗ്ഷനിൽ അധികം വഴിയാത്രക്കാരും വാഹനങ്ങളും ഇല്ലാഞ്ഞത് അപകടത്തിന്റെ തോത് കുറച്ചു. അതുവഴി മിനിട്ടുകളുടെ വ്യത്യാസത്തിൽ നടന്നുവരുകയായിരുന്ന വഴിയാത്രക്കാരും തലനാഴിഴയ്ക്കാണ് രക്ഷപെട്ടത്. ഓട്ടോറിക്ഷകൾ സ്ഥിരം പാർക്ക് ചെയ്യുന്നിടത്താണ് ബസ് ഇടിച്ചുകയറിയത്. ഇലക്ട്രിക് തൂണുകളും വിവിധ പാർട്ടികളുടെ കൊടിമരവുമുള്ളതിൽ കല്ലമ്പലം സ്മൃതിമണ്ഡപം തകരാതെ സംരക്ഷിക്കപ്പെട്ടു. കൊടിയ വളവിൽ ബസ് അമിതവേഗതയിലായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഗതാഗതക്കുരുക്ക് കാരണം ആംബുലൻസ് എത്താനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും തടസ്സം നേരിട്ടു. ഇതിനിടെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി തകരാറ് പരിഹരിച്ച് കെ.എസ്.ആർ.ടി.സി അവിടെ നിന്നും തള്ളി മാറ്റുകയായിരുന്നു.