തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ കെ.എസ്.ഇ.ബി ചെയർമാൻ, വൈദ്യുതി വിതരണ- ഉത്പാദന വിഭാഗം ഡയറക്ടർമാർ, ചീഫ് എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുക്കും. നിയമസഭാസമ്മേളനം നടക്കുന്നതിനാൽ അതിനുശേഷമാകും യോഗംചേരുക. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗോ പവർക്കട്ടോ ഏർപ്പെടുത്തേണ്ടി വരുമോ എന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. അതേസമയം, നിലവിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് ഇന്നലെ ചേർന്ന വൈദ്യുതി ബോർഡ് യോഗം വിലയിരുത്തിയത്.
തമിഴ്നാട്ടിലെ കൂടംകുളം നിലയത്തിൽ ഉത്പാദന പ്രതിസന്ധി ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ച സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടായി. 266 മെഗാവാട്ട് വൈദ്യുതി ആണ് കൂടംകുളത്ത് നിന്ന് ലഭിക്കുന്നത്. ഇന്നലെ ഉച്ചയോടെ പ്രതിസന്ധി പരിഹരിച്ചു. വൈകിട്ടോടെ വൈദ്യുതി എത്തിത്തുടങ്ങി.
ദീർഘകാല കരാർ അനുസരിച്ച് സംസ്ഥാനത്തിന് വൈദ്യുതി നൽകുന്ന എട്ട് നിലയങ്ങളിൽ മൂന്നെണ്ണം കൽക്കരിക്ഷാമം മൂലം പ്രവർത്തനം നിറുത്തിവച്ചു. ഇതോടെ സംസ്ഥാനത്ത് പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കൂടാതെ കേന്ദ്ര ഗ്രിഡിൽ നിന്ന് വന്നുകൊണ്ടിരുന്ന വൈദ്യുതിയിലും കുറവുണ്ടാകുന്നുണ്ട്. ഇതുമൂലം പീക്ക് സമയത്ത് വൈദ്യുതി കമ്മിയുണ്ട്. കൂടിയ വിലയ്ക്ക് പുറമെ നിന്ന് വൈദ്യുതി വാങ്ങിയാണ് ഇത് പരിഹരിക്കുന്നത്. ഈനില തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാദ്ധ്യതയുണ്ട്.