ബാലരാമപുരം: കള്ളൻമാർ വിലസുന്ന മംഗലത്തുകോണം –ചാവടിനട- കട്ടച്ചൽക്കുഴി ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണെന്നും പൊലീസിന്റെ ബീറ്റ് ബോക്സ് സംവിധാനം കാര്യക്ഷമമാക്കണമെന്നും ആവശ്യം. അടുത്തിടെ മംഗലത്തുകോണം ക്ഷേത്രകാണിക്കവഞ്ചി കവർച്ചശ്രമത്തിന്റെയും ചാവടിനടയിൽ കടകളിൽ നടന്ന മോഷണത്തിന്റെയും അടിയ്ഥാനത്തിലാണ് ആവശ്യം ശക്തമായത്. നിരവധി മോഷണക്കേസിലെ പ്രതി വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ഷിജിനെയാണ് (32) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. മംഗലത്തുകോണം കാട്ടുനട ഭദ്രകാളിക്ഷേത്രത്തിലെ കാണിക്ക വഞ്ചി കവർച്ചാശ്രമത്തിന് ഒപ്പം പാലച്ചൽക്കോണം മൂർത്തിത്തറ ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചി കവർച്ച,​ ചാവടിനടയിൽ സുരേന്ദ്രൻ നായരുടെ കടയിൽ മോഷണം,​ കട്ടച്ചൽക്കുഴി നാളികേര ഗവേഷണകേന്ദ്രത്തിന് സമീപം വിജയന്റെ തട്ടുകടയിൽ നിന്നും രണ്ടായിരം രൂപയുടെ സിഗരറ്റ് എന്നിവ അപഹരിച്ച് വിരുതൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് വീടിന്റെ വരാന്തയിൽ പതുങ്ങിയിരുന്ന കള്ളനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. മുൻ സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തിൽ ഫ്രാബ്സുമായി സഹകരിച്ച് ബീറ്റ് ബോക്സുകൾ ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ചെങ്കിവും അവയുടെ പ്രവർത്തവും താളം തെറ്റിയനിലയിലാണ്. അടുത്തിടെ സ്റ്റേഷൻ പരിധിയിൽ അക്രമവും അനിഷ്ട സംഭവങ്ങളും പെരുകിവരുന്നതിനെതിരെയും പലഭാഗത്ത് നിന്നും പ്രതിഷേധമുയരുന്നു. ബീറ്റ് ബോക്സ് സംവിധാനത്തിലൂടെ രാത്രികാലങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കി കള്ളൻമാരെ തുരത്തണമെന്നാണ് വിവിധ സന്നദ്ധസംഘടനകളുടെ ആവശ്യം.