contempt-of-court

തിരുവനന്തപുരം: കോടതി ഉത്തരവുകൾ സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം ലംഘിക്കുന്നതും അവഗണിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് തുടർന്നാൽ കടുത്ത കോടതിയലക്ഷ്യ നടപടികളിലേയ്ക്ക് പോകേണ്ടിവരുമെന്നും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി. ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് നേരിട്ട് നൽകാൻ രജിസ്ട്രാർക്ക് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം, മെമ്പർ രാജേഷ് ദിവാൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകി.

എറണാകുളം ജില്ലാ സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസറും കുടപ്പനക്കുന്ന് സ്വദേശിയുമായ പി.എസ് ഗീത നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. സ്‌റ്റേറ്റ് എൽ.ഐ.സിയുടെ ഗ്രൂപ്പ് ഇൻഷ്വറൻസ് സ്‌കീമിൽ നിന്ന് പരാതിക്കാരിക്ക് അർഹമായ തുക പലിശയടക്കം നൽകാൻ ട്രൈബ്യൂണൽ 2019 മാർച്ചിൽ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരാതിക്കാരിക്ക് അനുകൂലമായിരുന്നു വിധി. എന്നിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതാണ് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്. സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ഷീബാ ജോർജ്ജ് എന്നിവരാണ് കോടതിയലക്ഷ്യ ഹർജിയിലെ എതിർ കക്ഷികൾ.