ശ്രീകാര്യം: പത്രം ഏജന്റിന്റെ കാറിന് തീയിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വീണ്ടും ഇതേ കാറും മറ്റൊരു ബൈക്കും കത്തിച്ചയാൾ അറസ്റ്റിൽ. കുറ്റിച്ചൽ സ്വദേശി അമലിനെയാണ് (20) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തിനായിരുന്നു സംഭവം.

കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ ശ്രീകാര്യം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയും പത്രം ഏജന്റും ബി.ജെ.പി കഴക്കൂട്ടം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ പാങ്ങപ്പാറ കുറ്റിച്ചൽ സ്വദേശി സുനിലിന്റെ ടവേര കാർ മൂന്ന് ദിവസം മുമ്പ് അജ്ഞാതർ കത്തിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാംവട്ടവും ഇതേ കാർ കത്തിക്കുന്നത്.

സംഭവമറിഞ്ഞെത്തിയ ശ്രീകാര്യം പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെയാണ് സുനിലിന്റെ അയൽവാസിയും ടെക്നോപാർക്ക് ജീവനക്കാരനുമായ ജോമേഴ്സിന്റെ വീടിനു മുമ്പിൽ പാർക്ക് ചെയ്ത ബൈക്കിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ടത്. ഇതിന് സമീപത്തെ സിസി.ടി.വി കാമറകൾ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ രീതിയിലുള്ള അമലിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ താനാണ് വാഹനങ്ങൾ കത്തിച്ചതെന്ന് അമൽ സമ്മതിച്ചു.

ചെരിപ്പിൽ തീപിടിപ്പിച്ചാണ് ഇയാൾ വാഹനങ്ങൾ കത്തിച്ചത്. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്നും മുമ്പ് നടന്ന സംഭവത്തിൽ ഇയാൾ തന്നെയാണോ പ്രതിയെന്ന കാര്യവും അന്വേഷിക്കുന്നതായിയും ശ്രീകാര്യം പൊലീസ് പറഞ്ഞു.