പൂവാർ: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷവും ശുദ്ധജലമെന്ന കരുംകുളം പഞ്ചായത്ത് നിവാസികളുടെ സ്വപ്നം ഇനിയും അകലെ. പതിനെട്ടു വാർഡുകളുള്ള പഞ്ചായത്തിന്റെ ഭൂരിഭാഗവും തീരമേഖലയാണ്. ഇവിടത്തെ ജനങ്ങളാണ് ശുദ്ധജലമില്ലാതെ പകർച്ചാവ്യാധി ഭീഷണിയുടെ നടുവിൽ കഴിയുന്നത്.
കരിച്ചൽ പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ് കാലങ്ങളായി കരുംകുളം, പൂവാർ മേഖലകളിൽ ലഭിക്കുന്നത്. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്നത് നാച്വറൽ ഫിൽറ്ററൈസേഷൻ മുഖേനയാണ്. ഈ ടാങ്കിൽ നിന്ന് പൈപ്പ് ലൈനിലേക്ക് വെള്ളം പമ്പ് ചെയ്യാൻ 6 മോട്ടോറുകൾ ഉണ്ടെങ്കിലും
ഒന്നുമാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതുകാരണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് തീരപ്രദേശത്ത് വെള്ളം കിട്ടുന്നത്. കേടായ മോട്ടോറുകൾ നന്നാക്കുന്നതിനോ പകരം പുതിയത് സ്ഥാപിക്കുന്നതിനോ തയ്യാറാകാത്ത അധികൃതർ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാനും തയ്യാറാകുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. മഴക്കാലത്ത് കലക്കവെള്ളവും ചിലപ്പോൾ ഉപ്പ് വെള്ളവും മറ്റുചിലപ്പോൾ ഓര് വെള്ളവുമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. ഇതാണ് രോഗഭീഷണി ഉയർത്തുന്നത്.
ആശ്രയമാകേണ്ടത് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്
കരിച്ചൽ പമ്പ്ഹൗസിൽ നിന്നുള്ള വെള്ളം ശേഖരിക്കാൻ കരുംകുളം പരണിയത്ത് 2 ലക്ഷം ലിറ്ററും പൂവാറിൽ 1.5 ലക്ഷം ലിറ്ററും സംഭരണ ശേഷിയുള്ള ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ ആവശ്യത്തിനുള്ള വെള്ളം കിട്ടാറില്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് 2018ൽ തിരുപുറത്ത് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 15.92 കോടി രൂപയായിരുന്നു ചെലവ്. നെയ്യാറിൽ നിന്ന് 8 മില്യൺ ലിറ്ററും കുമിളി വാട്ടർ സപ്ലൈ സ്കീമിൽ നിന്ന് 4 മില്യൺ ലിറ്ററും ഉൾപ്പെടെ 12 മില്യൻ ലിറ്റർ വെള്ളം ശേഖരിച്ച് പ്ലാന്റിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
പൈപ്പ് ലൈനുകൾ സ്ഥാപിച്ചില്ല
ജലവിതരണത്തിനായി പമ്പു സെറ്റുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിക്കാനും പ്ലാന്റിൽ നിന്ന് 6150 മീറ്റർ നീളത്തിൽ 450 എം.എം മുതൽ 250 എം.എം വരെയുള്ള പമ്പിംഗ് മെയിനുകൾ സ്ഥാപിക്കാനും കുമിളിയിൽ പദ്ധതി വിഭാവനം ചെയ്തിരുന്നു. എന്നാൽ പൈപ്പുലൈനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല.മാത്രമല്ല 1956 ൽ കുഴിച്ചിട്ട കാലപ്പഴക്കം ചെന്നതും വ്യാസം കുറഞ്ഞതുമായ പൈപ്പുകൾ മാറ്റുന്നതിനും നടപടിയുണ്ടായില്ല. ഇതാണ് കുമിളി പദ്ധതിക്ക് തിരിച്ചടിയായത്.