map

സുൽത്താൻ ബത്തേരി: ഇന്ത്യയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിലേക്കുള്ള ചിത്രശലഭങ്ങളുടെ കൂട്ടത്തോടെയുള്ള പ്രയാണം ആരംഭിക്കാറായി. തുലാവർഷത്തിന്റെ ആരംഭത്തോടെയാണ് ശലഭങ്ങളുടെ കൂട്ട പ്രവാഹം.
വലിയ കൂട്ടങ്ങളായുള്ള ചിത്രശലഭങ്ങളുടെ ഈ ദേശാടനം ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് നടക്കുക. വർഷത്തിൽ രണ്ട് പ്രാവശ്യമാണ് ദേശാടനം. പശ്ചിമഘട്ട മലനിരകളിൽ കാലവർഷം എത്തുന്നതിന് തൊട്ടുമുമ്പായി മാർച്ച് ഏപ്രിൽ മാസങ്ങളിൽ പൂർവ്വഘട്ട പ്രദേശങ്ങളിലേക്കും കിഴക്കൻ സമതലങ്ങളിലേക്കുമാണ് ശലഭങ്ങളുടെ ആദ്യ പ്രയാണം. രണ്ടാമത്തെ ദേശാടനമാണ് തുലാവർഷം ശക്തി പ്രാപിക്കുന്നതോടെ ഇന്ത്യയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിന്നും പശ്ചിമഘട്ടത്തിലേക്ക് എത്തുന്നത്.
കരിനീലകടുവ, അരളിശലഭം എന്നി ഇനങ്ങളിൽപ്പെട്ട ചിത്രശലഭങ്ങളാണ് പ്രധാനമായും ദേശാടനം നടത്തുന്നത്. ഈ ദേശാടനത്തിലൂടെ ശക്തമായ മഴയിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശലഭങ്ങൾക്ക് കഴിയുന്നതായി പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.

ചിത്രശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ച് വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേൺ നേച്ചർ കൺസർവേഷൻ സൊസൈറ്റി പഠനം നടത്തിയിട്ടുണ്ട്. വെബ് ഫോമുകളും ഓപ്പൺ ഡാറ്റ കിറ്റ് , കൊബോ തുടങ്ങിയ സംവിധാനങ്ങളും സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തിയാണ് വിവരശേഖരണം നടത്തുന്നത്. പുതുതായി ഐ നാച്ചുറലിസ്റ്റ് എന്ന ഓൺലൈൻ പൗരശാസ്ത്ര പോർട്ടിലിൽ ഡനൈൻ വാച്ച് എന്ന പ്രോജക്ടിലൂടെ വിവിരങ്ങൾ നൽകുന്നതിനുള്ള സംവിധാനവുമുണ്ട്.
പശ്ചിമ ഘട്ടത്തിലെ കാടുകളിൽ സംസ്ഥാന വനം-വന്യജീവി വകുപ്പുമായി സഹകരിച്ച് ശലഭങ്ങളുടെ ചിറകുകളിൽ ടാഗുകളിൽ പതിപ്പിച്ചും നീരീക്ഷിച്ചും ദേശാടനത്തെ കുറിച്ച് വിവരങ്ങൾ ശേഖരിക്കും. ദേശാടന ശലഭങ്ങൾ എവിടെ നിന്ന് വരുന്നു, എവിടെക്ക് പോകുന്നു ഏതെല്ലാം സ്ഥലങ്ങളിൽ ഏതെല്ലാം മാസം കാണപ്പെടുന്നു, ദേശാടനത്തിന് കാരണമായ ഘടകങ്ങൾ എന്തെല്ലാം തുടങ്ങിയവയെപ്പറ്റി മനസിലാക്കുന്നതിനായി ആവിഷ്‌ക്കരിച്ചതാണ് ഡനൈൻ വാച്ച് പദ്ധതി.
ജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പഠനം മുന്നോട്ട് പോകുന്നത്. സ്‌കൂൾ പരിസ്ഥിതി ക്ലബ്ബുകളെ ശലഭ ദേശാടനത്തെക്കുറിച്ചുള്ള വിവരശേഖരണത്തിനായി പ്രയോജനപ്പടുത്തും. ശലഭങ്ങളെ വാഹനങ്ങളിൽ പിൻതുടർന്ന് അവയുടെ ദേശാടന പാത മനസിലാക്കുന്നതിനും ശ്രമം തുടരും. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരത്തിലധികം വരുന്ന സ്ഥലങ്ങളിൽ നിന്നും ചിത്രശലഭ ദേശാടനത്തിന്റെ പശ്ചിമഘട്ടത്തിലേക്കുള്ള ചിത്രശലഭ ദേശാടന മാപ്പ് സംബന്ധിച്ച വിവരങ്ങൾ സൊസൈറ്റിക്ക് ലഭിച്ചു.

ദേശാടന ശലഭങ്ങളുടെ കൂട്ടം ചേരലിന് സഹായിക്കുന്ന കിലുക്കിച്ചെടികളെയും ശലഭങ്ങൾക്ക് തേൻ പ്രദാനം ചെയ്യുന്നതും അവയിലൂടെ പരാഗണം ചെയ്യപ്പെടുന്നതുമായ സസ്യങ്ങളെക്കുറിച്ചുള്ള വിവിരങ്ങളും ശേഖരിക്കുന്നുണ്ട്. ശലഭ ദേശാടനത്തിന്റെ മാപ്പും സൊസൈറ്റി തയ്യാറാക്കുകയും ചെയ്തു.