തിരുവനന്തപുരം: യുവജന സഹകരണ സംഘങ്ങൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ ലോകത്തിനു തന്നെ മാതൃകയാകുമെന്ന് മന്ത്റി വി.എൻ. വാസവൻ പറഞ്ഞു.
യുവജന സഹകരണ സംഘങ്ങളുടെ പ്രമോട്ടർമാർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (ഐ.സി.എം) സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
മികച്ച ആശയങ്ങളോടെയാണ് യുവജന സഹകരണസംഘങ്ങൾ രംഗത്തുവന്നതെന്നും പ്രവർത്തനങ്ങളിൽ കാര്യമായ ഊർജ്ജസ്വലത കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 25 യുവജന സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, സമയ പരിധിക്കുള്ളിൽ 29 സംഘങ്ങൾ രജിസ്റ്റർ ചെയ്തു. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമത്തിന്റെ കൂടി ഫലമാണിതെന്നും മന്ത്റി പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി.ബി. നൂഹ്, ഐ.സി.എം ഡയറക്ടർ ആർ.കെ. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.