തിരുവനന്തപുരം: നഗരസഭാ സോണൽ ഓഫീസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്‌തു. ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറായിരുന്ന സുമതി, ശ്രീകാര്യം സോണലിലെ ചാർജ് ഓഫീസറായിരുന്ന ലളിതാംബിക എന്നിവർക്കെതിരെയാണ് മേൽനോട്ടപ്പിഴവു ചൂണ്ടിക്കാട്ടി നഗരകാര്യ ഡയറക്ടർ സസ്‌പെൻഡു ചെയ്തത്. ഇതോടെ തട്ടിപ്പിന്റെ പേരിൽ അച്ചടക്കനടപടിക്കു വിധേയരായ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി. ഇവർ കൊല്ലം കോർപ്പറേഷനിലേക്ക് സ്ഥലം മാറിപ്പോയതിനാലാണ് അന്ന് നടപടിയെടുക്കാത്തത്. ഇവർക്കെതിരെയും നടപടിയെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. കഴിഞ്ഞ ജനുവരി 22 മുതൽ ജൂലായ് ആറ് വരെയുള്ള തീയതികൾക്കിടെ അഞ്ച് ദിവസങ്ങളിലെ പണമാണ് ശ്രീകാര്യത്ത് നഷ്ടപ്പെട്ടത്. ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച്, ജൂൺ, ജൂലായ് മാസങ്ങളിലായി 5.12 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.
മാർച്ചുവരെ ലളിതാംബികയ്ക്കായിരുന്നു ചാർജ് ഓഫീസറുടെ ചുമതല. ഇവർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് റവന്യു ഇൻസ്‌പെക്ടർക്ക് ചാർജ് ഓഫീസറുടെ ചുമതല നൽകി. അവസാന രണ്ടുതവണ പണം തട്ടിയത് ആർ.ഒ ചാർജ് ഓഫീസറുടെ ചുമതല വഹിക്കുമ്പോഴാണ്. ഡിസംബർ 11ന് ബാങ്കിൽ നിക്ഷേപിക്കാനായി നൽകിയ 1,09 ലക്ഷം രൂപയാണ് ആറ്റിപ്ര സോണലിൽ ഉദ്യോഗസ്ഥർ തട്ടിയത്. സംഭവത്തിൽ ചെയിൻമാൻ ജോർജു കുട്ടിയെ സസ്‌പെൻഡ് ചെയ്തു. എന്നാൽ ഓഫീസ് രേഖകളിൽ നവംബർ 27നും ഡിസംബർ 31നും ഇടയ്ക്കുള്ള തീയതികളിൽ ഡിസംബർ 3ന് ഉച്ച വരെയും 11നും മാത്രമാണ് ജോർജ്കുട്ടി ഹാജർ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ജോർജുകുട്ടിയല്ല, മറ്റൊരു ഉദ്യോഗസ്ഥനാണ് 11ന് ബാങ്കിൽ പണമടയ്ക്കാൻ പോയതെന്നും പറയുന്നു.
സോഫ്റ്റ്‌വെയറിന്റെ തകരാർ
2017 മുതൽ ആരംഭിച്ചു
അടച്ച നികുതിയിൽ വീണ്ടും കുടിശിക കാണിക്കുന്ന തദ്ദേശ വകുപ്പിന്റെ സഞ്ചയ സാംഖ്യ സോഫ്റ്റ്‌വെയറിന്റെ തകരാർ 2017 മുതൽ ആരംഭിച്ചെന്ന് റിപ്പോർട്ട്. 2016ൽ ആരംഭിച്ച ഈ സോഫ്റ്റ്‌വെയർ ഒരു വർഷം കഴിഞ്ഞപ്പോൾത്തന്നെ പണിമുടക്കി. ഇടയ്ക്ക് പണിമുടക്കുമ്പോൾ താത്കാലിക പരിഹാരം കാണുമെന്നല്ലാതെ ശാശ്വതമായി ഈ പ്രശ്‌നം പരിഹരിച്ചിട്ടില്ല. സോഫ്റ്റ്‌വെയർ നിർമ്മിച്ച ഇൻഫർമേഷൻ കേരള മിഷനാണ് തകരാർ പരിഹരിക്കാനുള്ള ഉത്തരവാദിത്തം. തദ്ദേശ സ്ഥാപനങ്ങൾക്കാണ് സോഫ്റ്റ്‌വെയർ തകരാർ മൂലം കൂടുതൽ പ്രതിസന്ധിയുണ്ടാകുക.
നിലവിൽ കുടിശികയുള്ളവരുടെ പോസ്റ്റിംഗ് സംവിധാനം ഇപ്പോൾ നഗരസഭയിൽ ആരംഭിച്ചിട്ടുണ്ട്. ഇതുകഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ പ്രശ്‌നമുള്ളവർക്കാണ് അദാലത്ത് വഴി പരാതി തീർപ്പാക്കുന്നത്. നിലവിൽ പ്രശ്‌നങ്ങൾ തീർപ്പാക്കുന്നതിനുള്ള റിപ്പോർട്ട് സംസ്ഥാന ഐ.ടി മിഷന്റെ പരിഗണനയിലാണ്. ദിനംപ്രതി കൂടുതൽ സോഫ്റ്റ്‌വെയർ അപ്ഡേഷനുകൾ മാറി വരുന്നതിനാൽ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഐ.കെ.എം അധികൃതരും പറയുന്നത്. പ്രശ്‌നങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക് പരിഹാരം കാണുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ബി.ജെ.പി സമരം
14ാം ദിവസത്തിലേക്ക്
നികുതി വെട്ടിപ്പിനെതിരെ ബി.ജെ.പിയുടെ സമരം 14ാം ദിവസത്തിലേക്ക്. ഇന്നലെയും സമരത്തിന്റെ ഭാഗമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഉദ്ഘാടനം കഴിഞ്ഞിട്ടും ഒരുവർഷമായി തുറന്നുകൊടുക്കാത്ത നഗരസഭ അങ്കണത്തിലെ മൾട്ടിലെവൽ കാർ പാർക്കിംഗിൽ റീത്ത് വച്ച് ബി.ജെ.പി പ്രതിഷേധിച്ചു. ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ, തിരുമല അനിൽ,ചെമ്പഴന്തി ഉദയൻ, കരമന അജിത്ത്, വി.ജി. ഗിരികുമാർ, സിമി ജ്യോതിഷ്, എസ്.ആർ. ബിന്ദു, ആശാനാഥ്, മറ്റ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.